മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭം ‘ബറോസി’ല്‍ സംഗീതമൊരുക്കുന്നത് 13 വയസുകാരന്‍

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത മഹാനടനാണ് മോഹന്‍ലാല്‍. അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടുമെല്ലാം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രതിഭ. 1978 ല്‍ പുറത്തിറങ്ങിയ തിരനോട്ടം മുതല്‍ 2019ല്‍ തീയറ്ററുകളിലെത്തിയ ലൂസിഫര്‍ വരെ എത്തി നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ അവിസ്മരണീയ കഥാപാത്രങ്ങള്‍.

ഫാന്‍സിന്റെ എണ്ണത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് താരം. ഇപ്പോഴിതാ മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അഭിനയ രംഗത്തു നിന്നും സംവിധാന രംഗത്തേക്ക് അരങ്ങേറ്റംകുറിക്കുന്ന താരങ്ങള്‍ നിരവധിയാണ്. മോഹന്‍ലാലും സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുമ്പോള്‍ പ്രതീക്ഷയോടെയാണ് ആരാധകരും. അതേസമയം ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മറ്റൊരു വാര്‍ത്തകൂടി. ബറോസ് എന്നാണ് സിനിമയുടെ പേര്.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ് ലിഡിയന്‍. കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് ലിഡിയന്‍ ശ്രദ്ധേയനായത്.

സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ ഇന്ത്യയുടെ നിധി എന്നാണ് ലിഡിയനെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ രണ്ടാം വയസുമുതല്‍ സംഗീതത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെച്ചതാണ് ഈ കുട്ടിത്താരം. ഒമ്പതാം വയസില്‍ പിയാനോ പഠനം ആരംഭിച്ചു. തബലയിലും മൃദംഗത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ലിഡിയന്റെ സംഗീത മികവ് ശ്രദ്ധയില്‍പെട്ടതോടെ എആര്‍ റഹ്മാന്‍ അവനെ തന്റെ കെഎം മ്യൂസിക് കണ്‍സര്‍വേറ്ററില്‍ അംഗമാക്കുകയും ചെയ്തു. കണ്ണുുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളില്‍ വിത്യസ്ത നോട്ടുകള്‍ അവതരിപ്പിച്ചും ലിഡിയന്‍ മുമ്പും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ത്രിഡിയിലാണ്  ഒരുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ്സ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

‘ബറോസ്സ്’; ‘സ്വപ്‌നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വിത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്‌നം’ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

ഗോവയിലാണ് ബറോസ്സ് എന്ന സിനിമയുടെ ചിത്രീകണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിദേശ അഭിനേതാക്കളും അണിനിരക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *