കാടറിഞ്ഞ കാടിന്റെ ആത്മാവറിഞ്ഞ കലാകാരൻ ബൈജു കെ വാസുദേവന് വിട 

നീളൻതാടി, തോളൊപ്പമുള്ള മുടി, കർക്കശക്കാരന്റെ മുഖഭാവം… ആദ്യം കാണുമ്പോൾ അടുക്കാൻ അല്പമൊന്ന് മടിക്കും. എന്നാൽ അറിയുന്തോറും കൂടുതൽ അടുക്കാൻ തോന്നും..കാടറിഞ്ഞ കാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ബൈജു കെ വാസുദേവൻ എന്ന കലാകാരൻ വിടപറയുമ്പോൾ നാടും നാട്ടുകാരും മാത്രമല്ല കാടുപോലും ഒന്ന് തേങ്ങിക്കരയാതിരിക്കില്ല…കാരണം അത്രമേൽ കാടിനെ തൊട്ടറിഞ്ഞ മറ്റൊരു കലാകാരൻ ഉണ്ടാവില്ല.

കാട്ടിൽ ജനിച്ച് കാട്ടിൽ വളർന്ന ബൈജു കെ വാസുദേവൻ എന്ന 46 കാരന്  കൂട്ടിനുണ്ടായിരുന്നത് കാടിന്റെ സ്പന്ദനം അറിയുന്നവന്റെ ആത്മവിശ്വാസവും ആരെയും സഹായിക്കാനുള്ള മനസും പ്രകൃതിയോടും മൃഗങ്ങളോടുമുള്ള സ്നേഹവുമൊക്കെയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിന്റെ മധ്യത്തിൽ അനേകരെ ഒറ്റക്കാക്കി വിടപറയുകയാണ് ബൈജു.

കഴിഞ്ഞ ശനിയാഴ്ച കാലുതെറ്റിയൊന്ന് വീണു, ആശുപത്രിയിൽ കാണിച്ചു തിരിച്ചെത്തിയ അദ്ദേഹത്തെ വേദന കലശലായതോടെ ഞായറാഴ്ച്ച വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ പ്രിയപെട്ടവരോട് യാത്രപറയാൻ കാത്തുനിൽക്കാതെ പ്രകൃതിയെ സാക്ഷിയാക്കി കാടിനോടും നാടിനോടും വിടപറഞ്ഞു ആ വലിയ മനുഷ്യൻ.

സഹായം ചോദിച്ചു വരുന്നവരുടെ മുഴുവൻ ചേട്ടനായും, പക്ഷികളുടെയും മൃഗങ്ങളുടെയും വളർത്തച്ചനായും അതിരപ്പള്ളി കാടുകളുടെ പിതാവായും ജീവിച്ച ബൈജുവിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടറിഞ്ഞത്. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ബൈജുവിന്റെ പെട്ടന്നുള്ള മരണം.

ഹൃദയം നിറയെ കലയായിരുന്നിട്ടും കാനനയാത്രകൾക്കായി ജീവിതം മാറ്റിവെച്ച ബൈജുവെന്ന ഈ പ്രകൃതി സ്‌നേഹി പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കാറുണ്ട്. ഇതിനകം പത്തോളം സിനിമകളിൽ അഭിനയിച്ച ബൈജു നാഷണൽ ജിയോഗ്രഫി, അനിമൽ പ്ലാനറ്റ്, ഡിസ്കവറി തുടങ്ങിയ ചാനലുകളിൽ തന്റെ സാനിധ്യം അറിയിച്ച ബൈജു ഫ്‌ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട കലാകാരനായി മാറിയിരുന്നു.

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോളജ് ഓഫ് ഫോറസ്ട്രിയിൽ വിസിറ്റിങ് അധ്യാപകനായിരുന്നു. പരിസ്ഥിതി ആക്ടിവിസ്റ്റായും നിലകൊണ്ട അദ്ദേഹം പ്രകൃതിക്ക് വേണ്ടിയുള്ള നിരവധി സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

കലയേയും കാടിനേയും അകമറിഞ്ഞ് സ്നേഹിച്ച ബൈജു കെ വാസുദേവന് ആദരാഞ്ജലികൾ…

Leave a Reply

Your email address will not be published. Required fields are marked *