‘പാലാരിവട്ടം പുട്ട്, മരട് നെയ്‌റോസ്‌റ്റ്’, വൈറലായി പരസ്യം; ക്രിയേറ്റിവിറ്റി അപാരമെന്ന് സോഷ്യൽ ലോകം

കുറച്ച് നാളുകളായി വാർത്തകൾക്കൊപ്പം ട്രോളുകളിലും ഇടം നേടുകയാണ് പാലാരിവട്ടം പാലവും മരട് ഫ്ലാറ്റുമൊക്കെ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് പാലാരിവട്ടം പാലവും മരട് ഫ്‌ളാറ്റും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന പുതിയ പരസ്യം. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കൊണ്ട് ഗതാഗത യോഗ്യമല്ലാതായതോടെയാണ് എറണാകുളത്തെ പാലാരിവട്ടം മേൽപ്പാലം വാർത്തകളിൽ ഇടംനേടിയത്. പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാകുമോ എന്ന് ഹൈക്കോടതിപോലും ചോദിച്ചിരുന്നു.

കോടതി പൊളിക്കാൻ വിധിച്ച പാലം ഇപ്പോൾ പരസ്യങ്ങളിലും ഇടംനേടിയിരിക്കുകയാണ്. അതും മലയാളികളുടെ ഇഷ്ടവിഭവം പുട്ടിലൂടെ. പാലാരിവട്ടം പുട്ട് എന്നാണ് പേര്. തലശ്ശേരിയിലെ ഒരു റസ്റ്റോറന്റാണ് പാലാരിവട്ടം പുട്ടിന്റെ പിന്നിൽ. തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ‌ എന്നതാണ് പുട്ടിന്റെ സവിശേഷതയായി നിർമാതാക്കളുടെ അവകാശവാദം. നടനും സംവിധായകനുമായ വിനീത് ശ്രീനീവാസനടക്കം
നിരവധിപ്പേരാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പുട്ടിനൊപ്പം തന്നെ ശ്രദ്ധേ നേടുന്നുണ്ട് മരട് നെയ്റോസ്റ്റും. ‘പൊളിക്കാനായി പണിഞ്ഞത്; പൊളി ബ്രേക്ക് ഫാസ്റ്റ്’ എന്ന ടാഗ്‍ലൈനോടെയാണ് നെയ്റോസ്റ്റ് ശ്രദ്ധനേടുന്നത്. അനധികൃതമായി കായൽ കയ്യേറി ഫ്‌ളാറ്റ് പണിതത്തിന്റെ പേരിൽ മരട് ഫ്‌ളാറ്റും ഇപ്പോൾ വാർത്തകളിൽ സജീവമാണ്. കോഴിക്കോട് ഉള്ള പരസ്യ ഏജൻസിയാണ് ഈ ക്രിയേറ്റിവിറ്റിയ്ക്ക് പിന്നിൽ. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു ഈ പരസ്യങ്ങൾ.