അന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി, പിന്നെ സിനിമയില്‍; രാണു മൊണ്ടാല്‍ ഫ്ളവേഴ്‌സ് കോമഡി ഉത്സവവേദിയിലേയ്ക്ക്

ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, കലാകാരന്‍മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന വേദിയാണ് ഫ്ളവേഴ്‌സ് കോമഡി ഉത്സവം. പാട്ടും നൃത്തവും ചിരിയും ചിന്തയുമെല്ലാമായി ഫ്ളവേഴ്‌സ് കോമഡി ഉത്സവം പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടി. സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള പാട്ടുപ്രേമികള്‍ ഏറ്റെടുത്ത ഒരു അതുല്യ കലാകാരി ഈ ചിരിയുത്സവ വേദിയിലേയ്‌ക്കെത്തുന്നു.

‘രാണു മൊണ്ടാല്‍’! വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒരു പേരാണ് ഇത്. മാസങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന്, മനോഹരമായ വേഷവിധാനങ്ങളൊന്നുമില്ലാതെ രാണു പാടി. പാട്ടിന് അകമ്പടിയെന്നോണം കൂട്ടിന് ട്രെയിനിന്റെ ശബ്ദവും. മണിക്കൂറുകള്‍ക്കൊണ്ടാണ് രാണുവിന്റെ ഈ പാട്ട് വൈറലായത്.

ലതാ മങ്കേഷ്‌ക്കറുടെ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം പാടുന്ന രാണുവിന്റെ വീഡിയോ അതിവേഗം സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടി. 1972 ല്‍ തിയറ്ററുകളിലെത്തിയ ‘ഷോര്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

രാണു മൊണ്ടാലിന്റെ ജീവിതം പുതിയൊരു ദിശയിലേയ്ക്ക് വഴിതിരിച്ചുവിട്ടതും ഈ പാട്ടുതന്നെ. പാട്ട് വൈറലായതോടെ നിരവധി അവസരങ്ങള്‍ രാണുവിനെ തേടിയെത്തി. ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്കും രാണു അരങ്ങേറ്റംകുറിച്ചു.

ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാണു പാട്ട് പാടിയിരിക്കുന്നത്. ‘ഹാപ്പി ഹാര്‍ഡി’ എന്ന ചിത്രത്തിലെ തേരി മേരി കഹാനി… എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായ ഫ്ളവേഴ്‌സ് കോമഡി ഉത്സവത്തില്‍ രാണു മൊണ്ടാല്‍ എന്ന അതുല്യ പ്രതിഭയെത്തുന്ന ആ മഹനീയ മുഹൂര്‍ത്തത്തിനായി കാത്തിരിക്കാം…!

Leave a Reply

Your email address will not be published. Required fields are marked *