ഇഷ്ടനടന്മാരില്‍ ഫഹദ് ഫാസിലും; മികച്ച അഭിനേതാക്കളെക്കുറിച്ച് കമല്‍ഹാസന്‍

ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍. ഫഹദ് ഫാസിലിനും മലയാളികള്‍ക്കും അഭിമാനം പകരുകയാണ് ഉലകനായകന്‍ കമല്‍ഹാസന്റെ വാക്കുകള്‍. ഉലകനായകന് ഇഷ്ടപ്പെട്ട താരങ്ങളുടെ പട്ടികയില്‍ ഫഹദ് ഫാസിലുമുണ്ട്.

തന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷപരിപാടിയില്‍ സംസാരിക്കവെയാണ് കമല്‍ഹാസന്‍ തനിക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കളെക്കുറിച്ച് പറഞ്ഞത്. ഇന്ത്യയിലെ മികച്ച നടന്മാര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണെന്ന് താന്‍ പറയുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസന്റെ സ്വദേശമായ പരമകുടിയിലായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. സഹോദരന്‍ ചാരുഹാസന്‍, സുഹാസിനി, മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Read more:ഫുട്‌ബോള്‍ വാങ്ങാന്‍ കുട്ടിക്കൂട്ടം നടത്തിയ യോഗം സോഷ്യല്‍മീഡിയയില്‍ വൈറലായി; ബോളും ജേഴ്‌സിയും സമ്മാനിച്ച് ഉണ്ണിമുകുന്ദനും സ്‌പെയ്‌നില്‍ നിന്നുള്ള ഫുട്‌ബോള്‍ കോച്ചും: വീഡിയോ

വെള്ളിത്തിരയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയ ഇതിഹാസം, മഹാനടന്‍ കമലഹാസനെ ഇങ്ങനെ വിശേഷിപ്പിക്കാം. അത്രമേല്‍ പ്രശംസനീയമാണ് അദ്ദേഹം അവിസ്മരണീയമാക്കുന്ന കഥാപാത്രങ്ങള്‍. അഭിനയത്തിനു പുറമെ ഗായകനെന്ന നിലയിലും ചലച്ചിത്ര ലോകത്ത് താരം നിറസാന്നിധ്യമാണ്. ഉലകനായകന്‍ എന്ന് ചലച്ചിത്ര ലോകം അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിച്ചു. ഫഹദ് ഫാസില്‍ തനിക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണെന്ന കമല്‍ ഹാസന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും.

അതേസമയം ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ട്രാന്‍സ്’ എന്ന ചിത്രം ഒരുങ്ങുന്നുണ്ട്. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാന്‍സ്‌’ എന്ന സിനിമയ്ക്കുണ്ട്.