നിര്‍ണായക മത്സരത്തില്‍ പ്രതീക്ഷയോടെ ഇന്ത്യ

January 19, 2020

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ആവേശത്തോടെ തുടരുന്നു. മൂന്നാം മത്സരത്തിലും ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ബൗളിങ്ങില്‍ ഇന്ത്യയും മികവ് പുലര്‍ത്തി തുടങ്ങി. നിലവില്‍ സ്‌കോര്‍ ബോര്‍ഡില്‍ അറുപത് റണ്‍സ് പിന്നിട്ട ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റുകളും നഷ്ടമായി.

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറെ മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു. ഏഴ് പന്തില്‍ നിന്നുമായി മൂന്ന് റണ്‍സ് മാത്രമെടുത്താണ് വാര്‍ണര്‍ കളം വിട്ടത്. ആരോണ്‍ ഫിഞ്ച് 26 പന്തില്‍ നിന്നും 19 റണ്‍സ് എടുത്തപ്പോഴേയ്ക്കും റണ്‍ ഔട്ടായി കളംവിട്ടു.

മൂന്ന് മത്സരങ്ങളടങ്ങിയ പമ്പരയില്‍ ഇരു ടീമുകളും ഒന്ന് വീതം വിജയം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മൂന്നാം അങ്കം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. ഇന്നത്തെ ആവേശപ്പോരാട്ടത്തില്‍ വിജയിക്കുന്ന ടീമാണ് പരമ്പര സ്വന്തമാക്കുക. ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 36 റണ്‍സിന് വിജയം കൊയ്തു.

മാറ്റങ്ങളില്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. കെ എല്‍ രാഹുല്‍ അഞ്ചാമനായി കളത്തിലിറങ്ങും. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍.