‘തലയില്‍ തൊടരുത്, പണത്തില്‍ ചവിട്ടരുത്’: അറിയാം മറ്റ് രാജ്യങ്ങളില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

July 16, 2020
Things You Should Never Do in Other Countries

രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പലപ്പോഴും യാത്ര ചെയ്യാറുണ്ട് ചിലര്‍. വിനോദത്തിനും പഠനത്തിനുമൊക്കെയായി നടത്തുന്ന ഇത്തരം യാത്രകള്‍ രുചി-സംസ്‌കാര-ദൃശ്യ വൈവിധ്യങ്ങള്‍ സമ്മാനിക്കാറുമുണ്ട്. എന്നാല്‍ ചില രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. സഞ്ചാരികള്‍ മറ്റ് രാജ്യങ്ങളില്‍ എത്തുമ്പോള്‍ യാത്രാസഹായിമാരും അധികൃതരമൊക്കെ ഇത്തരം കാര്യങ്ങള്‍ വിശദമാക്കാറുമുണ്ട്. എങ്കിലും ചില രാജ്യങ്ങളില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ അറിഞ്ഞു വയ്ക്കാം.

1- തായ്-ലന്‍ഡ്
തായ്-ലന്‍ഡില്‍ പണത്തിന് മീതെ ചവിട്ടാന്‍ പാടില്ല. അതായത് നിലത്തു കിടക്കുന്ന നോട്ടിലോ കോയിന്‍സിലോ ഒന്നും ചവിട്ടരുത്. കാരണം എല്ലാ നോട്ടിലും അവിടുത്തെ രാജാവിന്റെ ചിത്രമുണ്ടാകും. രാജകുടുംബത്തിന് എതിരെ എന്ത് ചെയ്താലും അത് തായ്-ലന്‍ഡില്‍ കുറ്റകരമാണ്. നോട്ടില്‍ ചവിട്ടുന്നതും രാജകുടുംബത്തിന് എതിരെയുള്ള പ്രവൃത്തിയായാണ് അവിടെ കണക്കാക്കുന്നത്. ഇതിനുപുറമെ പൊതു ഇടങ്ങളില്‍ ഉച്ചത്തില്‍ കയര്‍ത്തു സംസാരിക്കുന്നതിനും തായ്-ലന്‍ഡില്‍ നിരോധനമുണ്ട്. അതുപോലെ തായ്-ലന്‍ഡിലെ പൊതു ഇടങ്ങളില്‍ മറ്റുള്ളവര്‍ക്ക് നേരെ കാലുകള്‍ വികൃതമായ രീതിയില്‍ ചലിപ്പിക്കാന്‍ പാടില്ല. അവിടുത്തെ വിശ്വാസം അനുസരിച്ച കാല് ശരീരത്തിലെ എറ്റവും വൃത്തിഹിനമായ ശരീരഭാഗമായാണ് കരുതുന്നത്.

2- ഇറ്റലി
ഇറ്റലിയില്‍ ഭക്ഷണത്തിന് ശേഷം പാല്‍ കാപ്പി ഓര്‍ഡര്‍ ചെയ്യാന്‍ പാടില്ല. ഭക്ഷണം കഴിഞ്ഞാലുടന്‍ കാപ്പി കുടിക്കുന്ന ശീലം ഇറ്റലിയില്‍ ശീലം ഇല്ല. കാപചീനോ അടക്കമുളള്ള കോഫികള്‍ക്ക് പേര് കേട്ട ഇടമാണ് ഇറ്റലി. എങ്കിലും ഭക്ഷണത്തിന് ശേഷം അവിടെ പാല്‍ ചേര്‍ത്ത യാതൊരു വിധ കോഫിയും ഓര്‍ഡര്‍ ചെയ്യാനോ കുടിക്കാനോ പാടില്ല. കാരണം ഭക്ഷണ ശേഷം പാല്‍കാപ്പി കുടിക്കുന്നത് ദഹനപ്രക്രിയയെ മോശമായി ബാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതേസമയം ഭക്ഷണത്തിന് ശേഷമല്ലാതെ ഏത് സമയകത്തും ഇറ്റലിയില്‍ കാപ്പി ഓര്‍ഡര്‍ ചെയ്യുകയും കുടിയ്ക്കുകയും ആവാം. അതും ഇഷ്ടം പോലെ.

3- ഗ്രീസ്
ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ ഗ്രീസില്‍ ഇടാന്‍ പാടില്ല. അതായത് രാജ്യത്തെ പ്രശസ്തമായ പുരാതന സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ഹൈ ഹീല്‍സ് ഇടുന്നത് ശിക്ഷ ലഭിയ്ക്കുന്ന കുറ്റമാണ് ഗ്രീസില്‍. കാരണം ഹൈ ഹീല്‍സിന്റെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ പല പുരാവസ്തുക്കളുടേയും നാശത്തിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പുരാതന സ്ഥലങ്ങളില്‍ ഹൈ ഹീല്‍സ് ചെരുപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

4- ജപ്പാന്‍
ജപ്പാനില്‍ ടിപ്പ് കൊടുക്കാന്‍ പാടില്ല. റസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം അല്ലെങ്കില്‍ ഹോട്ടല്‍ റൂം വെക്കേറ്റ് ചെയ്യുന്ന സമയത്തൊക്കെ ടിപ്പ് കൊടുക്കുന്ന ശീലത്തെ ജപ്പാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം ടിപ്പ് കൊടുക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ജപ്പാന്‍കാര്‍ പറയുന്നത്. മാത്രമല്ല ആളുകളേയോ കാര്യങ്ങളേയോ വിരല്‍കൊണ്ട് ചൂണ്ടികാണിക്കുന്നതും ജപ്പാനില്‍ നിയമവിരുദ്ധമാണ്. ഇതും അവരെ അപമാനിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.

5-സിങ്കപ്പൂര്‍
സിങ്കപ്പൂരില്‍ ചൂയിങ്കം വാങ്ങാന്‍ പാടില്ല. ചൂയിങ്കം വില്‍ക്കുന്നതും വാങ്ങുന്നതും സിങ്കപ്പൂരില്‍ നിയമ വിരുദ്ധമാണ്. കൂടാതെ പ്രാവുള്‍കൊക്കെ പൊതു ഇടങ്ങളില്‍ തീറ്റ നല്‍കാനും പാടില്ല. ഇതിനുപുറമെ ബസ്, ട്രെയിന്‍ പോലുള്ള പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുമ്പോള്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മണമുള്ള പഴവര്‍ഗങ്ങള്‍ കൈയില്‍ കരുതുന്നതും നിയമവിരുദ്ധമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ നല്ലൊരു തുക അടക്കം ശിക്ഷ ലഭിയ്ക്കുകയും ചെയ്യും സിങ്കപ്പൂരില്‍.

6- സാന്‍ഫ്രാന്‍സിസ്‌കോ
സിങ്കപ്പൂരിലേത് പോലെതന്നെ ഇവിടേയും പൊതുഇടങ്ങളിലെ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് ശിക്ഷാര്‍ഹമാണ്. കാരണം പ്രാവുകളുടെ പോപ്പുലേഷന്‍ കൂട്ടുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. പ്രാവിന് തീറ്റ കൊടുക്കുന്നവരെ കണ്ടാല്‍ കംപ്ലൈന്‍ഡ് ചെയ്യാന്‍ പ്രത്യേക നമ്പര്‍ വരെയുണ്ട് പൊലീസിന്. ഇതിനുപുറമെ അമേരിക്കയിലെ അരിസോണയില്‍ ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. കള്ളിമുള്‍ചെടി മുറിച്ചുകളയുന്നത് അവിടെ 25 വര്‍ഷം വരെ തടവ് ലഭിയ്ക്കുന്ന കുറ്റമാണ്. അതായത് ഒരു കൊലക്കുറ്റത്തിന് സമം. സ്വന്തം വീട്ടുമുറ്റത്താണെങ്കില്‍ പോലും സ്പെഷ്യല്‍ പെര്‍മിഷന്‍ ഇല്ലാതെ ഇത്തരം ചെടികള്‍ മുറിക്കാന്‍ പാടില്ലെന്നാണ് നിയമം.

7- കരീബിയ
കരീബിയന്‍ രാജ്യങ്ങളില്‍ പൊലീസുകാര്‍ അല്ലെങ്കില്‍ പട്ടാളക്കാരുടെ വസ്ത്രങ്ങളോട് സാമ്യമുള്ള വസ്ത്രങ്ങള്‍ പൊതുജനങ്ങള്‍ ധരിക്കാന്‍ പാടില്ല എന്നാണ് നിയമം. ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. ഒപ്പം കനത്ത ശിക്ഷയും ലഭിക്കും.

8-ചൈന
ചൈനയില്‍ പോയാല്‍ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് കാലിയാക്കരുത്. കേള്‍ക്കുമ്പോള്‍ തോന്നും എത്ര വിചിത്രമായ ആചാരം എന്നല്ലേ. എന്നാല്‍ ചൈനയില്‍ ഫുഡ് പൂര്‍ണ്ണമായും കഴിക്കാത്തത്, അല്ലെങ്കില്‍ ബാക്കി വയ്ക്കുന്നത് സംതൃപ്തരായി എന്നു സൂചിപ്പിക്കുന്നതിനു വേണ്ടിയാണ്. പ്ലേറ്റില്‍ കുറച്ച് ബാക്കിവയ്ക്കാറുണ്ട് അവിടെ മിക്കവരും.

9- റഷ്യ
റഷ്യയില്‍ ഇരട്ട സംഖ്യയില്‍ പൂക്കള്‍ നല്‍കരുത്. റഷ്യ സന്ദര്‍ശിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് പൂക്കള്‍ നല്‍കുകയാണെങ്കില്‍ ഒറ്റ സംഖ്യയില്‍ നല്‍കാന്‍ ശ്രദ്ധിക്കുക. അതായത് ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെയൊക്കെ. റഷ്യന്‍ വിശ്വാസം പ്രകാരം ഇരട്ട സംഖ്യയില്‍ പൂക്കുള്‍ അര്‍പ്പിക്കുന്നത് മരണാനന്തര ചടങ്ങുകള്‍ക്ക് മാത്രമാണ്. കൂടാതെ മഞ്ഞ പൂക്കുള്‍ കൊടുക്കാതിരിക്കാനും ശ്രദ്ധ വേണം. കാരണം ഈ നിറത്തിലുള്ള പൂക്കള്‍ വിശ്വാസ ഇല്ലായ്മയെയാണ് അവിടെ സൂചിപ്പിക്കുന്നത്.

10-മലേഷ്യ
മലേഷ്യയിലുമുണ്ട് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍. അതില്‍ ഒന്നാണ് തലയില്‍ തൊടരുത് എന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ സംസ്‌കാരങ്ങളും മതങ്ങളും ഭാഷകളുമൊക്കെ കൂടിച്ചേര്‍ന്ന ഇടമാണ് മലേഷ്യ. ആളുകളുടെ തലയില്‍ തൊടുന്നത് അവിടെത്തെ സംസ്‌കാരത്തിന് യോജിച്ചത് അല്ല എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല വിരല്‍ ചൂണ്ടി സംസാരിക്കുന്നതും മലേഷ്യയില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു മൃഗത്തെ പോലും വിരല്‍ ചൂണ്ടിയാല്‍ മൃഗത്തിന്റെ ആത്മാവ് വിരല്‍ ചൂണ്ടുന്ന ആളോട് പ്രതികാരം ചെയ്യുമെന്നാണ് മലേഷ്യയിലെ വിശ്വാസം. എന്തിനേറെ പറയുന്നു മാനത്തുള്ള ചന്ദ്രനു നേരെ വിരല്‍ ചൂണ്ടിയാല്‍ വിരല്‍ അറ്റുപോകുമെന്ന ഒരു വിശ്വാസവും മലേഷ്യയില്‍ നിലനില്‍ക്കുന്നു.

Story highlights: Things You Should Never Do in Other Countries