കരിപ്പൂർ വിമാനാപകടം; കാണാതായ കുട്ടികൾ സുരക്ഷിതർ

August 7, 2020

ഇന്ന് രാത്രി എട്ട് മണിയോടെയാണ് കരിപ്പൂരിൽ വിമാനാപകടം ഉണ്ടാകുന്നത്. പൈലറ്റ് ഉൾപ്പെടെ പത്തോളം പേർ മരിച്ചതായാണ് വിവരം ലഭിക്കുന്നത്. അതേസമയം വിമാനാപകടത്തിൽ കാണാതായ കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതരായി ഇരിക്കുന്നതായി റിപ്പോർട്ടുകൾ. അഞ്ച് കുഞ്ഞുങ്ങളെപ്പറ്റിയാണ് ഇപ്പോൾ വിവരം ലഭിച്ചിരിക്കുന്നത്. അഞ്ച് പേരും വിവിധ ഇടങ്ങളിൽ സുരക്ഷിതരായി ഉണ്ട്.

സമൂഹമാധ്യമങ്ങളിൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം കുട്ടികൾ സുരക്ഷിതരായി ഉള്ളതായി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി കൂടെ നിർത്തിയ രണ്ടു പേർ ട്വൻ്റിഫോർ ന്യൂസിനോട് പറഞ്ഞിരുന്നു. അവിടെതന്നെയുള്ള പ്രദേശവാസിയായ ഒരാളുടെ അടുക്കലാണ് ഒരു കുട്ടി ഉള്ളത്. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലാണ് ഒരു കുട്ടി നിലവിൽ ഉള്ളത്. കുഞ്ഞും രക്ഷപ്പെടുത്തിയ ആളും സുരക്ഷിതരാണ്. വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടുത്തിയ മറ്റൊരു കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം ചേർന്നു എന്ന് സൂചന ലഭിക്കുന്നുണ്ട്.

മറ്റ് മൂന്ന് കുട്ടികൾ സുരക്ഷിതരായി കൊണ്ടോട്ടി പുളിക്കൽ ബിഎം ആശുപത്രിയിലുണ്ട്. അറിയുന്നവർ ആശുപത്രിയുമായോ 9947052688 എന്ന നമ്പറിലോ ബന്ധപ്പെടാനാണ് നിർദ്ദേശം.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറി അപകടം സംഭവിച്ചത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടെതെന്നാണ് പ്രാഥമിക നിഗമനം. ലാൻഡ് ചെയ്തതിന് ശേഷം റൺവേയിലൂടെ ഓടിയ വിമാനം അതിനപ്പുറമുള്ള ക്രോസ്സ് റോഡിലേക്ക് കടന്ന് മുൻഭാഗം കൂപ്പുകുത്തുകയായിരുന്നു. പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയാണ്.  വിമാനം അതിവേഗതയിലാണ് സഞ്ചരിച്ചതെന്നാണ് ലഭ്യമായ വിവരം. കനത്ത മഴയെ തുടർന്ന് തെന്നിമാറിയതാകാനും സാധ്യതയുണ്ട്.