കാസര്‍ഗോഡന്‍ നാട്ടുവഴിയിലെ നിഗൂഢതയുമായി ഹൊറര്‍ ത്രില്ലര്‍ ‘വഴിയെ’ ഒരുങ്ങുന്നു

September 28, 2020
Vazhiye film by Nirmal Baby George

മലയാളത്തില്‍ പുതിയൊരു ഹൊറര്‍ ചിത്രമൊരുങ്ങുന്നു. ‘വഴിയെ’ എന്നാണ് ചിത്രത്തിന്റെ പേര്. കാസര്‍ഗോഡ് ജില്ലയിലെ നിഗൂഢ വഴികളും കരിമ്പാറക്കെട്ടുകളുമൊക്കെ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കും. നിര്‍മല്‍ ബേബി വര്‍ഗീസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ പൂജ നടന്നു.

പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കൊന്നക്കാട്, അരിയിരിത്തി, ബഡൂര്‍, കാനംവയല്‍, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസര്‍ഗോഡ് കര്‍ണ്ണാടക ബോര്‍ഡറുകളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

‘വഴിയെ’ എന്ന ചിത്രത്തിന് ഹോളിവുഡ് സംഗീതജ്ഞന്‍ ഇവാന്‍ ഇവാന്‍സ് ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ചിത്രത്തിനുവേണ്ടി ഹോളിവുഡില്‍ നിന്നും സംഗീതമൊരുങ്ങുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകരും. ഹൊബോക്കന്‍ ഹോളോ, ജാക്ക് റയോ, നെവര്‍ സറണ്ടര്‍, ഗെയിം ഓഫ് അസാസിന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനത്തിലൂടെ ശ്രദ്ധേയനാണ് ഇവാന്‍സ്. നിരവധി തവണ ഗ്രാമി പുരസ്‌കാരം നേടിയ ബില്‍ ഇവാന്‍സിന്റെ മകനാണ് ഇവാന്‍ ഇവന്‍സ് എന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

Read more: ഇതാണ് ക്രിക്കറ്റില്‍ സച്ചിന്‍ കണ്ട ഏറ്റവും മികച്ച സേവ്; വീഡിയോ

അതേസമയം ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും വഴിയെ എന്ന സിനിമയ്ക്കുണ്ട്. നിഗൂഢമായ ഒരു പ്രദേശത്തെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കാനെത്തുന്ന രണ്ട് പേരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Story highlights: Vazhiye film by Nirmal Baby George