കുഞ്ഞുങ്ങള്‍ക്കൊപ്പം ഓരോ ഈണങ്ങളും പിറക്കുന്ന നാട്

November 17, 2020
Singing village Kongthong

ഒരു കുടുംബത്തെ സംബന്ധിച്ച് ഒരു കുഞ്ഞിന്റെ ജനനമെന്നാല്‍ ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. പുതിയൊരു അഥിതി വീട്ടിലേക്ക് എത്തികഴിയുമ്പോള്‍ ഓമനിച്ച് പല പേരുകളും നാം അവരെ വിളിക്കാറുണ്ട്. ചില കുഞ്ഞുങ്ങള്‍ വളര്‍ന്നാലും ആ വിളിപ്പേരുകള്‍ പലരും മറക്കാറില്ല. ഓമനപ്പേരുകള്‍ക്ക് പുറമെ ഐഡന്റിറ്റിയായി മാറുന്നത് യഥാര്‍ത്ഥ പേരുകളാണ്. സ്‌കൂളിലും പൊതു ഇടങ്ങളിലും നാട്ടിലും എല്ലാം നാം അറിയപ്പെടുന്നത് പേര് കൊണ്ടാണ്.

എന്നാല്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ഒരു ഈണവും പിറക്കുന്ന നാടുണ്ട്. മേഘാലയിലെ കോങ്‌തോങ് എന്ന ഗ്രാമത്തിലാണ് അല്‍പം വ്യത്യസ്തമായ ഈ സംസ്‌കാരം നിലകൊള്ളുന്നത്. ഈ ഗ്രാമത്തില്‍ ഏതെങ്കിലും ഒരു വീട്ടില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ പേരിന് പകരം ഒരു ഈണം ചൊല്ലും. ആ ഈണമായിരിക്കും ഗ്രാമത്തില്‍ കുഞ്ഞിന്റെ ഐഡന്റിറ്റി. ജീവിതകാലം മുഴുവന്‍ ഗ്രാമത്തില്‍ ഈ ഈണത്തിലായിരിക്കും ഓരോരുത്തരും അറിയപ്പെടുന്നതും. ഈണങ്ങളാല്‍ സമ്പന്നമാണ് കോങ്‌തോങ് ഗ്രാമം എന്നും പറയാം.

Read more: ‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’; ഫാത്തിമ അസ്‌ലയുടെ പുസ്തകത്തെ പരിചയപ്പെടുത്തി കാളിദാസ് ജയറാം

അതേസമയം ഈ ഈണങ്ങള്‍ക്ക് പുറമെ മറ്റ് പേരുകളും നല്‍കാറുണ്ട് കുഞ്ഞിന്. പഠനത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമൊക്കെയായി ഗ്രാമത്തിന് പുറത്തുപോകുമ്പോള്‍ ഈ പേരുകളിലായിരിക്കും ഓരോരുത്തരും അറിയപ്പെടുക.

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അമ്മമാരുടെ ഹൃദയത്തില്‍ നിന്നും ഉദ്ഭവിക്കുന്നതാണ് ഈ ഈണങ്ങള്‍ എന്നാണ് കോങ്‌തോങ്ങിലെ അമ്മമാര്‍ പറയുന്നത്. എന്നാല്‍ പുതു തലമുറക്കാര്‍ക്ക് ഈ ഈണങ്ങളോട് അത്ര താല്‍പര്യമില്ല. അതുകൊണ്ടുതന്നെ ഈ സംസ്‌കാരം വരും കാലങ്ങളില്‍ അന്യം നിന്നുപോകാന്‍ സാധ്യതയുണ്ടെന്നും ഗ്രാമവാസികള്‍ വിലയിരുത്തുന്നു.

Story highlights: Singing village Kongthong