വായനയെ പ്രോത്സാഹിപ്പിക്കുന്ന പെണ്‍കരുത്ത്; ഇത് ‘സിസ്റ്റര്‍ ലൈബ്രറി’യുടെ കഥ

June 19, 2021
Aqui Thami's travelling library is putting the spotlight on women’s books

ജൂണ്‍ 19 വായനാ ദിനമാണ്. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലൂടെ വായനയെ പ്രോത്സാഹിപ്പിച്ച പി എന്‍ പണിക്കറുടെ ഓര്‍മയിലാണ് വായനാദിനത്തെ നാം കൊണ്ടാടുന്നത്. പുസ്തകങ്ങളുടെ താളുകള്‍ മറിച്ചുള്ള വായനയില്‍ നിന്നും സ്മാര്‍ട് ഗാഡ്‌ജെറ്റില്‍ സ്‌ക്രോള്‍ ചെയ്ത് വായിക്കുന്ന കാലത്തിലേക്ക് എത്തിയെങ്കിലും പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഇന്നുമുണ്ട്.

അക്വി താമി എന്ന പെണ്‍കരുത്തും വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ്. പെണ്‍പുസ്തകങ്ങളുടെ ഒരു വായനാശാലയ്ക്കും ഇവര്‍ നേതൃത്വം നല്‍കുന്നു. പെണ്ണെഴുത്തുകള്‍ വായനക്കാര്‍ക്ക് ഇടയില്‍ സ്ഥാനം പിടിച്ചിട്ട് കാലങ്ങള്‍ കുറച്ചേറെയായി. ഇത്തരം പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ അറിയണം അക്വി താമിയെക്കുറിച്ച്.

ആര്‍ടിസ്റ്റും ആക്ടിവിസ്റ്റുമാണ് അക്വി താമി. താമി നേതൃത്വം നല്‍കുന്ന ‘സിസ്റ്റര്‍ ലൈബ്രറി’ക്ക് ഒരു ലക്ഷ്യമുണ്ട്. പെണ്ണെഴുത്തുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം. വായനയെ സ്നേഹിക്കുന്ന സ്ത്രീകള്‍ക്ക് ഒത്തുകൂടാനുള്ള ഒരു ഇടമാണ് സിസ്റ്റര്‍ ലൈബ്രറി. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി ഓണ്‍ഡ് ഫെമിനിസ്റ്റ് ലൈബ്രറിയാണ് ഇത്.

മുംബൈയിലെ ബാന്ദ്രയ്ക്കടുത്താണ് ഈ വായനശാല. അറുനൂറോളം പുസ്തകങ്ങള്‍ ഉണ്ട് ഇവിടെ. സ്ത്രീകള്‍ രചിച്ചിട്ടുള്ളതാണ് ഈ അറുനൂറ് പുസ്തകങ്ങളും. ഗ്രാഫിക് നോവലുകള്‍, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, കവിത തുടങ്ങിയവയെല്ലാം ഉണ്ട് സിസ്റ്റര്‍ ലൈബ്രറിയില്‍. സിസ്റ്റര്‍ ലൈബ്രറിയിലെ പല പുസ്തകങ്ങളും അക്വി താമിയുടെ സ്വന്തം പുസ്തക ശേഖരത്തില്‍ നിന്നുള്ളവയാണ് എന്നതാണ് മറ്റൊരു കൗതുകം.

Read more: കാൽനടയിലായി 5,000 മൈലുകൾ; കാൻസറിനെ പൊരുതിതോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവതി…

സിസ്റ്റര്‍ ലൈബ്രറിയിലെ പുസ്തക ശേഖരങ്ങളുമായി ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിക്കാറുണ്ട് ഈ യുവതി. പുനെ, ബംഗ്ലൂരു എന്നുവേണ്ട, കൊച്ചി മുസ്സരീസ് ബിനാലെയില്‍ വരെ സിസ്റ്റര്‍ ലൈബ്രറി എത്തിയിട്ടുണ്ട്.

മനോഹരങ്ങളായ പെണ്ണെഴുത്തുകള്‍ തനിക്കെന്നും കരുത്ത് പകരാറുണ്ടെന്നാണ് താമിയുടെ വിലയിരുത്തല്‍. ഈ അനുഭവം മറ്റുള്ളവരിലേക്കും പങ്കുവയ്ക്കണം എന്ന ആശയത്തില്‍ നിന്നുമാണ് താമി സിസ്റ്റര്‍ ലൈബ്രറി ആരംഭിക്കുന്നതും. സ്ത്രീകള്‍ക്കായി ഇതുപോലെ ഒരിടം ഇന്ത്യയില്‍ എല്ലായിടത്തും ആവശ്യമാണെന്നും താമി പറയുന്നു.

Story highlights: Aqui Thami’s travelling library is putting the spotlight on women’s books