സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലഘൂകരിക്കും; നാളെ അര്‍ധരാത്രി മുതല്‍ കൂടുതല്‍ ഇളവുകള്‍

June 15, 2021
Kerala cancel Satu

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മൂതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നാളെ അര്‍ധരാത്രി മുതല്‍ ലഘൂകരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉന്നതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ വിവിധ മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ഇടങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനം. തദ്ദേശഭരണ സ്ഥാപനങ്ങളെ ക്ളസ്റ്ററുകളായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തും.

അതേസമയം നാളെ അര്‍ധരാത്രി മുതല്‍ മിതമായ ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് എഴ് മണിവരെയാണ് പ്രവര്‍ത്തനാനുമതി. വ്യാവസായിക- കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. അക്ഷയ കേന്ദ്രങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ തുറന്ന് പ്രവര്‍ത്തിക്കും.

എന്നാല്‍ ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. വിവാഹം/മരണം എന്നീ ചടങ്ങുകൾക്ക് നിലവിലേത് പോലെതന്നെ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ

ടിപിആര്‍ 30% ല്‍ കൂടിയ സ്ഥലങ്ങളില്‍ – ട്രിപ്പിള്‍ ലോക്ഡൗണ്‍
ടിപിആര്‍ 20%-30% – ലോക്ഡൗണ്‍ തുടരും
ടിപിആര്‍ 8%-20% – ഭാഗിക നിയന്ത്രണം
ടിപിആര്‍- 8% ല്‍ താഴെ- നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനം

Story highlights: Kerala Covid lockdown relaxations