ഡസൻ കണക്കിന് ഡ്രോണുകൾ ആകാശത്ത് നിന്നും ഭൂമിയിലേക്ക് പതിച്ചപ്പോൾ; കൗതുക കാഴ്ച

October 6, 2021

ആകാശത്ത് നിന്നും കല്ലുമഴ പെയ്തിറങ്ങിയെന്നൊക്കെ കേട്ടിട്ടില്ലേ? പ്രകൃതിയുടെ അപൂർവ്വ പ്രതിഭാസം എന്നാണ് ഇങ്ങനെയുള്ള സംഭവങ്ങളെ വിശേഷിപ്പിക്കാറുള്ളത്. നേരിൽ കണ്ടിട്ടില്ലെങ്കിലും സിനിമകളിലെങ്കിലും ഇത്തരം സംഭവങ്ങൾ കാണാത്തവർ ചുരുക്കമാണ്. എന്നാൽ ജീവിതത്തിൽ എപ്പോഴെങ്കിലും ഡ്രോണുകൾ ആകാശത്തുനിന്നും ഭൂമിയിലേക്ക് മഴ പോലെ പതിക്കുന്നത് ആരുടെയെങ്കിലും സങ്കല്പത്തിൽ പോലും ഉണ്ടായിട്ടുണ്ടാകില്ല. എന്നാൽ അതും ഇപ്പോൾ സംഭവിച്ചുകഴിഞ്ഞു.

ചൈനയിലാണ് സംഭവം. ടെക്നോളജിയുടെ കാര്യത്തിൽ ചൈന മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ശര വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. ചൈനീസ് ജനത വികസനത്തിന്റെ കാര്യത്തിൽ ഇപ്പോൾ തന്നെ 2050ൽ എത്തി എന്നുതന്നെ പറയാം. എല്ലാം ടെക്‌നോളജിയുടെയും യാത്രങ്ങളുടേയുമെല്ലാം സഹായത്തോടെയാണ്. എന്നാൽ, ഒരു നിമിഷം എന്തെങ്കിലും തരത്തിലുള്ള പാളിച്ചകൾ സംഭവിച്ചാൽ അത് വലിയൊരു വിഭാഗത്തെത്തന്നെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ളൊരു പാളിച്ചയാണ് ചൈനയിൽ ഡ്രോൺ മഴയ്ക്ക് കാരണമായത്.

ചൈനയിലെ ഒരു ഷോപ്പിംഗ് മാൾ ഉദ്‌ഘാടനം ആഘോഷിക്കുന്നതിനായി ഒരു ലൈറ്റ് ഷോ ഒരുക്കി. റിപ്പോർട്ടുകൾ അനുസരിച്ച്, ഹെനാൻ പ്രവിശ്യയിലെ സെങ്‌ഷോ ഹൈടെക് സോണിലെ വാൻഡ പ്ലാസ ഷോപ്പിംഗ് മാളിൽ 200 ലധികം ഡ്രോണുകൾ ആകാശത്തേക്ക് പറന്നുയർന്നാണ് ലൈറ്റ് ഷോ ഒരുക്കിയത്. ലൈറ്റ് ഷോ ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ, ഡ്രോണുകൾ പലതും തകരാറിലായി. പിന്നീട് കൂട്ടമായി ഇവയെല്ലാം നിലത്തേക്ക് പതിച്ചു. ആയിരക്കണക്കിന് ആളുകളാണ് ലൈറ്റ് ഷോ കാണാൻ എത്തിയിരിക്കുന്നത്. ജനങ്ങളുടെ ദേഹത്തേക്കും ഡ്രോണുകൾ പതിച്ചു. ഇതിൽനിന്നും രക്ഷനേടാനായി ആളുകൾ ഓടുകയായിരുന്നു. ഡ്രോണുകൾ ആകാശത്തുനിന്നും പഠിക്കുന്നതിന്റെ കാഴ്ചകളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

Read More: കീബോർഡ് തലതിരിച്ച്, കണ്ണുകെട്ടി വായിച്ച് ഒപ്പം പാട്ടും പാടി ഒരു മിടുക്കി- കൈയടി നേടിയ പ്രകടനം

സംഭവത്തിന് ശേഷം പരിക്കുകളൊന്നും ആർക്കും സംഭവിച്ചിട്ടില്ല. കുട്ടികൾ ഉൾപ്പെടെ അയ്യായിരത്തോളം ആളുകൾ ഷോ കാണാൻ എത്തിയിരുന്നു. എന്തായാലും ഡ്രോണുകൾ വീണുതുടങ്ങിയപ്പോൾ മാൾ ഉടമ എല്ലാവരെയും മാളിനുള്ളിൽ രക്ഷ പ്രാപിക്കാൻ അനുവദിച്ചു. അതിനുശേഷം, കാണികളായി എത്തിയവരും മാൾ ജീവനക്കാരും ചേർന്നാണ് ഡ്രോണുകൾ പെറുക്കിയെടുത്ത് ലൈറ്റ് ഷോ സംഘാടകർക്ക് നൽകിയത്. 2018ലും ചൈനയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Story highlights- drones rain down from sky during failed light show in China