മെഡിക്കൽ ചെക്കപ്പും സുരക്ഷയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ, വർഷവും ചിലവഴിക്കുന്നത് 15 ലക്ഷത്തോളം രൂപ; സ്റ്റാറായ മരത്തിന് പിന്നിൽ…

October 13, 2021

വർഷവും ലക്ഷക്കണക്കിന് രൂപ മുടക്കി സുരക്ഷ ഉറപ്പാക്കുന്ന മരം, കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരും കാവൽക്കാരുമുള്ള ഒരു മരമുണ്ട് നമ്മുടെ ഇന്ത്യയിൽ. മധ്യപ്രദേശിലെ റെയ്‌സൺ ജില്ലയിലാണ് നിരവധി പ്രത്യേകതകൾ നിറഞ്ഞ ഈ മരമുള്ളത്. മരത്തിന്റെ കേടുപാടുകൾ പരിഹരിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനുമായി എല്ലാ പതിനഞ്ച് ദിവസം കൂടുമ്പോഴും മെഡിക്കൽ ചെക്കപ്പ് നടത്താറുണ്ട്. ഓരോ വർഷവും പന്ത്രണ്ട് മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ മുടക്കിയാണ് ഈ മരത്തെ സംരക്ഷിക്കുന്നത്. ഒരു മരത്തിന് ഇത്രയൊക്കെ സംരക്ഷണം ലഭിക്കാൻ എന്തായിരിക്കും കാരണം എന്ന് ചിന്തിക്കുന്നവർ അറിയണം ഈ വൃക്ഷത്തെക്കുറിച്ച്.

കഥകളിലും മിത്തുകളിലുമൊക്കെ കേട്ട് പരിചയമുള്ള ബോധി വൃക്ഷമാണ് റെയ്‌സൺ ജില്ലയിൽ കാണപ്പെടുന്ന ഈ വൃക്ഷം. സാക്ഷാൽ ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ചു എന്ന് പറയപ്പെടുന്ന വൃക്ഷമാണ് ബോധി വൃക്ഷം. അതേ മരമാണ് മധ്യപ്രദേശിൽ ഇന്ന് കാണുന്ന ഈ മരം എന്നാണ് കരുതപ്പെടുന്നത്. യഥാർത്ഥ ബോധി വൃക്ഷത്തിന്റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധപുരിയിൽ എത്തിച്ച് നട്ടുവളർത്തിയിരുന്നുവെന്നും അവിടെ നിന്നും എത്തിച്ച ശിഖരം നട്ടു വളർത്തിയതാണ് ഇന്ന് മധ്യപ്രദേശിൽ കാണുന്ന ഈ വൃക്ഷമെന്നുമാണ് വിശ്വാസം.

Read also: അലയടിച്ചെത്തുന്ന തിരയിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കാം; പ്രതികൂല സാഹചര്യത്തെ വിജയമാക്കി മാറ്റി ഒരു റെസ്റ്റോറന്റ്

2012 ലാണ് മധ്യപ്രദേശിൽ ഈ വൃക്ഷതൈ നട്ടത്. അന്ന് മുതൽ പ്രത്യേക പരിഗണനയാണ് ഈ വൃക്ഷത്തിന് ലഭിക്കുന്നതും. അഞ്ചോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ മരത്തിന്റെ മാത്രം സംരക്ഷത്തിനായി വിഡി ഉള്ളത്. ഇതിന് വളവും വെള്ളവും നൽകുന്നതിനായി പ്രത്യേകമായി ഒരുക്കിയ ഒരു വാട്ടർ ടാങ്കും ഇതിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. 20 അടി ഉയരത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഈ മരം കാണുന്നതിനായി നിരവധി സഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്.

Story highlights: Spends 15 Lakh A Year To Maintain ‘VVIP Tree’