നദിയിൽ പ്രത്യക്ഷപ്പെട്ടത് വിപരീത ദിശയിൽ കറങ്ങുന്ന മഞ്ഞുചക്രം; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ…

January 19, 2022

പ്രകൃതി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ഐസ് ഡിസ്കാണ് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നത്. യുഎസിലെ വെസ്റ്റ് ബ്രൂക്കിവുള്ള പ്രെസ്യൂമ്സ്കോട്ട് നദിയിലാണ് കാഴ്ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തികൊണ്ട് വിപരീത ദിശയിൽ കറങ്ങുന്ന മഞ്ഞ് ചക്രം രൂപപ്പെട്ടത്.

വ്യത്യസ്ത രീതിയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഐസ് ഡിസ്കിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിലും പ്രചരിച്ചതോടെ ഈ ചിത്രങ്ങൾ വ്യാജമാണെന്ന തരത്തിലും വാർത്തകൾ പരന്നു. എന്നാൽ അതിശൈത്യകാലത്ത് ചിലയിടങ്ങളിൽ കണ്ടുവരുന്ന ഐസ് ഡിസ്ക് എന്ന പ്രതിഭാസമാണ് ഇതിന് പിന്നിൽ. മുൻ വർഷങ്ങളിലും പ്രെസ്യൂമ്സ്കോട്ട് നദിയിൽ ഈ രീതിയിൽ വിപരീത ദിശയിൽ കറങ്ങുന്ന ഐസ് രൂപം പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ നേർത്ത മഞ്ഞ് പാളികളാണ് ഇവ. വൃത്താകൃതിയിലായതിനാലും രൂപത്തിൽ ഡിസ്‌കിനോട് സാമ്യമുള്ളതിനാലും ഇവ ഐസ് ഡിസ്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്.

Read also: ലോക്ക്ഡൗണിൽ കൃഷിയിടമായി മാറിയ സ്കൂൾ, ഇന്ന് കൃഷിനോക്കി നടത്താൻ വിദ്യാർത്ഥികളും

അതേസമയം അത്യപൂർവമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ഐസ് ഡിസ്ക്. സാധാരണ ഗതിയിൽ അതിശൈത്യകാലത്ത് ധ്രുവപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന ഇടങ്ങളിലാണ് ഇത്തരത്തിലുള്ള ഐസ് പാളികൾ കാണപ്പെടുന്നത്. അതേസമയം ഇത്തവണ പ്രെസ്യൂമ്സ്കോട്ട് നദിയിൽ കണ്ടെത്തിയത് ഇതുവരെ ലോകത്ത് കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ ഐസ് ഡിസ്കാണ്. 90 മീറ്ററോളം വിസ്തൃതിയിൽ ഉള്ളതാണ് ഇത്. അതേസമയം ഐസ് ഡിസ്കുകളുടെ എതിര്ദിശയിലേക്കുള്ള കറക്കത്തിന്റെ കാരണം ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. ഇത് കണ്ടെത്താനുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

Story highlights: Huge spinning ice disc found in river