‘ആദ്യം ചെയ്യണ്ട എന്ന് തീരുമാനിച്ച സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ’; അനശ്വര രാജനുമായി പ്രത്യേക അഭിമുഖം

ആദ്യമെത്തിയത് ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണനായി. തുടർന്ന് രണ്ട് കൊല്ലങ്ങൾക്കു ശേഷം തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തിയായി വീണ്ടുമെത്തി. അനശ്വര രാജൻ മലയാള സിനിമയിൽ ഒരു ബെഞ്ച്മാർക്ക് സെറ്റ് ചെയ്യുകയാണ്. അനായാസ അഭിനയത്തിന്റെ പാഠങ്ങളുമായി ഈ കൊച്ചുമിടുക്കി മലയാള സിനിമയിൽ ഇരിപ്പുറപ്പികയാണ്. സിനിമയെപ്പറ്റി, ജീവിതത്തെപ്പറ്റി, കുടുംബത്തെപ്പറ്റി അനശ്വര രാജൻ മനസ്സു തുറക്കുന്നു.

ആദ്യം ചെയ്തത് ഉദാഹരണം സുജാത. അതിലേക്ക് എത്തിയത്?

അതിലേക്കെത്തിയത് ഓഡിഷൻ വഴിയാണ്. എറണാകുളത്ത് വെച്ചായിരുന്നു ഓഡിഷൻ. 6000 പേരുണ്ടായിരുന്നു ഓഡിഷനിൽ. അതിൽ നിന്നും 60 പേരെ തിരഞ്ഞെടുത്തു. അതിൽ നിന്നാണ് ഞാൻ സെലക്ടായത്. സ്കൂളിൽ പഠിക്കുമ്പോൾ മോണോ ആക്ടൊക്കെ ചെയ്തിട്ടുണ്ട്. ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയുടെ ഡയറക്ടറും കുടുംബ സുഹൃത്തുമായ ലിജു തോമസിൻ്റെ അമ്മയാണ് ഇങ്ങനെ ഒരു ഓഡിഷനെപ്പറ്റി എന്നെ അറിയിക്കുന്നത്. അത് കണ്ടിട്ടും പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു. അപ്പോൾ അമ്മ തന്നെയാണ് പറഞ്ഞത്, ‘അത് നല്ല പ്രൊജക്ടാണ്. ചാർളി ടീമാണ്. പരീക്ഷിച്ചു നോക്ക്. ചിലപ്പോൾ കിട്ടും’ എന്ന്. അങ്ങനെയാണ് ഫോട്ടോ അയച്ച് കൊടുത്തത്. പ്രതീക്ഷയൊന്നും ഉണ്ടായില്ല. പക്ഷേ കിട്ടി.

അത് കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു. രണ്ട് വർഷത്തിനു ശേഷം വീണ്ടും സിനിമയിൽ അഭിനയിക്കുമ്പോൾ?

സുജാത കഴിഞ്ഞിട്ട് ഞാൻ ഒരു സിനിമ ചെയ്തിരുന്നു. അത് ഈ അടുത്താണ് റിലീസായത്. ‘എവിടെ.’ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ട് ചെയ്തതാണ്. നല്ല കഥയായിരുന്നു. അതിനു ശേഷം രണ്ട് വർഷത്തെ ബ്രേക്കെടുത്തു. പഠനത്തിനു വേണ്ടി എടുത്ത ബ്രേക്കാണ്. പത്താം ക്ലാസ് കഴിഞ്ഞ് അഭിനയിക്കാമെന്ന് കരുതി. നല്ല പ്രൊജക്ട് വന്നാൽ ചെയ്യാമെന്ന് കരുതി ബ്രേക്കെടുത്തതാണ്.

തണ്ണീർമത്തനിലേക്കെത്തുന്നത്?

അത് സുജാത കണ്ട് ഡയറക്ടർ വിളിക്കുകയായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ആഴ്ച മുൻപാണ് എന്നെ വിളിച്ചത്. പത്തിലെ പബ്ലിക്ക് പരീക്ഷയുടെ സമയത്ത് രണ്ട് ദിവസം വരണമെന്നു പറഞ്ഞിരുന്നു. സിനിമ ചെയ്യുന്നില്ലെന്ന് കരുതിയാണ് ഇരുന്നത്. വീണ്ടും ഡയറക്ടർ വിളിച്ചു. ജോമോൻ ചേട്ടനാണ് (ജോമോൻ ടി ജോൺ) ക്യാമറ എന്നറിഞ്ഞു. ഗിരീഷേട്ടൻ്റെ ഷോർട്ട് ഫിലിം മൂക്കുത്തിയൊക്കെ കണ്ടു. സ്റ്റോറി വായിച്ചപ്പോ അതെനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അപ്പോൾ ചെയ്യാമെന്നു തീരുമാനിച്ചതാണ്.

സിനിമയിലും സെറ്റിലുമൊക്കെ ഒരുപാട് കുട്ടികൾ, സമപ്രായക്കാർ ഉണ്ടായിരുന്നല്ലോ. അപ്പോ സെറ്റൊക്കെ രസമായിരുന്നിരിക്കണം

അതെ. ഭയങ്കര രസമായിരുന്നു. ചിലരൊക്കെ ഡിഗ്രി പഠിക്കുന്നവരായിരുന്നു. പക്ഷേ, ഞങ്ങൾ എല്ലാവരും ഒരു ക്ലാസിൽ പഠിക്കുന്ന കുട്ടികളായി ഒന്നര മാസത്തോളം അടിച്ചു പൊളിച്ച് നല്ല രസമായിരുന്നു. വെക്കേഷൻ സമയത്തായിരുന്നു ഷൂട്ട്. അതുകൊണ്ട് ഒരു വെക്കേഷൻ മൂഡും കിട്ടി.

ഉദാഹരണം സുജാതയിലെ ആതിരയെപ്പോലെയാണോ തണ്ണീർ മത്തൻ ദിനങ്ങളിലെ കീർത്തിയെപ്പോലെയാണോ അനശ്വര?

രണ്ട് പേരുടെയും സ്വഭാവങ്ങളുണ്ട്. ആതിരയ്ക്ക് അമ്മയോടുള്ള അടുപ്പമാണ്. അതൊരു അമ്മ-മകൾ ബന്ധമാണ്. കൂടുതൽ പെൺകുട്ടികൾക്കും അത് അങ്ങനെ തന്നെയായിരിക്കും. സിനിമ കണ്ട് കുറേ പേർ അതങ്ങനെ ഫീൽ ചെയ്തെന്ന് പറഞ്ഞിട്ടുമുണ്ട്. എൻ്റെ അമ്മയോടും ഞാൻ ഇങ്ങനെ തന്നെയാണ്. കീർത്തിയാണെങ്കിൽ നേരെ ഓപ്പോസിറ്റാണ്. അതിലും ഞാനുണ്ട്. സ്കൂളിലെ കാര്യങ്ങളിലൊക്കെ എനിക്ക് സാമ്യത തോന്നാറുണ്ട്.

വായിക്കാറുണ്ടോ? സിനിമകൾ കാണാറുണ്ടോ?

വായിക്കുന്നത് ഇഷ്ടമാണ്. സിനിമകൾ കാണുന്നതും ഇഷ്ടമാണ്.

അവസാനം വായിച്ച പുസ്തകം, കണ്ട സിനിമ ഏതാണ്?

പുസ്തകം രവീന്ദർ സിംഗിൻ്റെ ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി. തണ്ണീർ മത്തനു മുൻപ് കണ്ട സിനിമ ഉയരെ. പിന്നെ ഷൂട്ടിൻ്റെ തിരക്കിലായി. കാണാൻ പറ്റിയില്ല.

വീട് കണ്ണൂരായിട്ടും സംസാരത്തിൽ ആ ശൈലി ഇല്ലല്ലോ. അതെന്താ?

അതിപ്പോ ഇതിവിടെ ശീലമായി. ലൊക്കേഷനിൽ ഇങ്ങനെയാണ്. നാട്ടിലെത്തുമ്പോ മാറും. കണ്ണൂർ ശൈലിയാവും.

സുജാതയിൽ തിരുവനന്തപുരം സ്ലാങ്, തണ്ണീർ മത്തൻ ദിനങ്ങളിൽ എറണാകുളം ഭാഷ. രണ്ടും വളരെ നന്നായി ചെയ്തിട്ടുണ്ട്. അത് എങ്ങനെയാണ്?

തിരുവനന്തപുരം സ്ലാങ് കുറച്ച് കഷ്ടപ്പാടായിരുന്നു. അത് ശരിക്കും ക്യാച്ച് ചെയ്യാൻ പറ്റിയിട്ടുണ്ടോ എന്ന് എനിക്കിപ്പോഴും സംശയമാണ്. ചെങ്കൽച്ചൂളയിലുള്ള കുട്ടികളോടൊക്കെ സംസാരിച്ചിരുന്നു. അങ്ങനെ അത് കുറേ പിടിച്ചെടുത്തു. പിന്നെ, ഡബ്ബിംഗ് ആർടിസ്റ്റ് സ്മിതച്ചേച്ചിയും സഹായിച്ചു. സുജാതയിൽ വരുമ്പോ ഞാൻ പക്കാ കണ്ണൂർ സ്ലാങ്ങായിരുന്നു. ഷൂട്ടിംഗ് പകുതിയൊക്കെ ആയപ്പോഴാണ് ഞാൻ ഏകദേശമൊക്കെ പിടിച്ചു വന്നത്. പിന്നെ ഡബ്ബിംഗിലാണ് കുറേക്കൂടി ശരിയാക്കിയത്. തൃശൂർ സ്ലാങ്ങാവുമ്പോ, അവിടെ ലോക്കേഷനിലെ ഭൂരിഭാഗം പേരും തൃശൂർക്കാരാണ്. ഗിരീഷേട്ടനായാലും ഡിനോയ് ചേട്ടനായാലും തൃശൂർക്കാരാണ്. അപ്പോ അവരുടെയൊക്കെ സംസാരത്തിൽ നിന്ന് അത് നമുക്ക് പിടിച്ചെടുക്കാൻ പറ്റും. ഇപ്പോഴും ആ സ്ലാങ്ങിൽ നിന്ന് പൂർണ്ണമായും പുറത്ത് കടക്കാൻ സാധിച്ചിട്ടില്ല. തൃശൂർ സ്ലാങ്ങാണ് ഇപ്പഴും കുറേയൊക്കെ സംസാരിക്കുന്നത്. അത് പലരും പറയാറുണ്ട്, ‘നീയെന്താണ് കണ്ണൂർക്കാരിയായിട്ടും തൃശൂർ ഭാഷം സംസാരിക്കുന്നതെ’ന്ന്. ആ കൂട്ടത്തിൽ നിന്നും മാറി നടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും ആ കൂട്ട് എല്ലാവരും സൂക്ഷിക്കുന്നുണ്ട്.

സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഫ്രെയിമുകളാണ്. ജോമോൻ ടി ജോൺ, വിനോദ് ഇല്ലമ്പള്ളി എന്നിവരുടെ വിഷ്വലുകൾ. അത് ശ്രദ്ധിച്ചിരുന്നോ?

ജോമോൻ ചേട്ടൻ ഓരോ സീനിനും അനുസരിച്ച് വർക്ക് ചെയ്താണ് ക്യാമറ കൈകാര്യം ചെയ്തത്. ഓരോ ആൾക്കാരെയും അതിൽ കാണാൻ നല്ല ഭംഗിയാണ്.

അനശ്വര പലപ്പോഴും അഭിനയിക്കുന്നതായി തോന്നിയില്ല. വളരെ നാച്ചുറലായി ബിഹേവ് ചെയ്യുന്നതു പോലെയാണ് തോന്നിയത്. ഇത്ര അനായാസത കിട്ടാൻ കാരണം?

അത് നല്ല ക്രൂവിൻ്റെയൊക്കെ കൂടെ വർക്ക് ചെയ്തതിൻ്റെയാവും. ഉദാഹരണം സുജാത ആയാലും ഫാൻ്റം പ്രവീൺ ചേട്ടൻ, മാർട്ടിൻ ചേട്ടൻ, മഞ്ജുച്ചേച്ചി, ജോജുച്ചേട്ടൻ ഇവരൊക്കെ നന്നായി ഹെല്പ് ചെയ്തിട്ടുണ്ട്. ഷൂട്ടിൻ്റെ ആദ്യത്ത് രണ്ട് മൂന്ന് ദിവസങ്ങൾക്കു ശേഷം പേടിയില്ലാതെ ആതിര കൃഷ്ണനായിട്ട് അഭിനയിക്കാൻ പറ്റി. മഞ്ജുച്ചേച്ചി സുജാത ആയി മാറുമ്പോൽ നമ്മളും അറിയാതെ അങ്ങനെയാകും. ആ ലൊക്കേഷനിലുണ്ടായിരുന്നവർ ഇപ്പൊഴും എന്നെ വിളിക്കുന്നത് ആതിര എന്ന് തന്നെയാണ്. ആ ലൊക്കേഷനിൽ എന്നെ കഥാപാത്രമാക്കിയെടുക്കാൻ അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

എജ്ജാതി നോട്ടമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

നല്ല കണ്ണുകളാണെന്ന് പലരും പറയാറുണ്ട്.

സിനിമ അല്ലായിരുന്നെങ്കിൽ? എന്തെങ്കിലും പ്ലാൻ ഉണ്ടായിരുന്നോ?

അങ്ങനെ പ്രത്യേകിച്ച് പ്ലാനുകളൊന്നും ഇല്ല. മോഡലിംഗ് ഇഷ്ടമാണ്. പക്ഷേ, അതൊരു ഡ്രീം എന്ന തരത്തിലൊന്നും ഞാൻ കണക്കിലെടുത്തിട്ടില്ല. സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്നതാണ്. ഇപ്പോൾ തന്നെ ഇതൊക്കെ ഇങ്ങനെ നടക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ഇനി നടക്കുന്നത് എന്താണെന്നും അറിയില്ല. നടക്കുന്നതു പോലെ നടക്കട്ടെ എന്നാണ്.

വിനീത് ശ്രീനിവാസനെപ്പറ്റി?

വിനീതേട്ടൻ നല്ല കൂളാണ്. അധിക ദിവസമൊന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. പക്ഷേ, ഉണ്ടായിരുന്ന ദിവസങ്ങൾ നല്ല രസമായിരുന്നു. മൂളിപ്പാട്ട് പാടുമ്പോൾ പോലും നല്ല രസമായിട്ട് കേട്ടിരിക്കാം. പ്രമോഷനൊക്കെ പോകുമ്പോൾ വിനീതേട്ടൻ പാട്ട് പാടുന്നതൊക്കെ കേട്ടിരിക്കാൻ നല്ല രസമാണ്. കുട്ടികളുടെ കൂടെ ആയിരിക്കുമ്പോൾ കുട്ടിയായിത്തന്നെ വിനീതേട്ടൻ പെരുമാറും. അങ്ങനെ നല്ല രസമായിരുന്നു.

മാത്യു?

മാത്യു നല്ല ഫ്രണ്ട്ലിയാണ്. പെട്ടെന്നൊന്നും പിടിച്ചെടുക്കാൻ പറ്റില്ല. ഓരോ സമയത്തും ഓരോ സ്വഭാവമാണ്. നല്ല രസമുള്ള ചിരിയാണ്. പെട്ടെന്ന് ആള് ഭയങ്കര സീരിയസ് ആയിരിക്കും. പെട്ടെന്ന് അവൻ മാറി നന്നായിട്ട് വർത്തമാനമൊക്കെ പറഞ്ഞ് ട്രോളും. പെട്ടെന്നൊന്നും ക്യാരക്ടർ പിടിച്ചെടുക്കാൻ പറ്റില്ല.

കുടുംബത്തെപ്പറ്റി?

അച്ഛൻ, അമ്മ, ചേച്ചി. അച്ഛൻ കെഎസിബിയിൽ ഓഫീസറാണ്. അമ്മ അങ്കണവാടി ടീച്ചർ. ചേച്ചി ഡിഗ്രി കഴിഞ്ഞു. ഞാനിപ്പോ കണ്ണൂർ പയ്യന്നൂർ വെള്ളൂർ ഗവണ്മെൻ്റ് സ്കൂളിൽ പ്ലസ് വൺ പഠിക്കുകയാണ്.

ബാസിത്ത് ബിൻ ബുഷ്‌റ 

ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ശ്രീനിവാസനും ചിലത് പറയാനുണ്ട്…

സാമൂഹ്യ വിഷയങ്ങളിൽ നിലപാടുകൾ വ്യക്തമാക്കാറുള്ള വ്യക്തിയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചുമൊക്കെ വ്യക്തമായ ധാരണയുള്ള അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും ചിലത് പറയാനുണ്ട്..

ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വി എം വിനു ചിത്രം കുട്ടിമാമയുടെ വിശേഷങ്ങൾ ഫ്ലവേഴ്സ് ടി വിയുമായി പങ്കുവെയ്ക്കുന്നതിനിടെയാണ് ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള  തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം അവതാരകൻ ഗോവിന്ദൻകുട്ടിയുമായി പങ്കുവെച്ചത്. ലോകസഭാ തെരെഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാൻ ഇരിക്കവെയാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം തുറന്നുപറഞ്ഞത്.

‘ലാലേട്ടന്‍ ഒരു ഫിലിം മേക്കറാണ്, വേണമെങ്കില്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ റെക്കോര്‍ഡ് ചെയ്തുവെച്ചോളൂ’ മോഹന്‍ലാലിനെക്കുറിച്ച് പൃഥ്വിരാജ് അന്ന് പറഞ്ഞത്; വീഡിയോ

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത മഹാനടനാണ് മോഹന്‍ലാല്‍. അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടുമെല്ലാം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രതിഭ. 1978 ല്‍ പുറത്തിറങ്ങിയ തിരനോട്ടം മുതല്‍ 2019-ല്‍ തീയറ്റുളിലെത്തിയ ലൂസിഫര്‍ വരെ എത്തി നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ അവിസ്മരണീയ കഥാപാത്രങ്ങള്‍. എന്നാല്‍ മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നതാണ് ചലച്ചിത്ര ലോകത്തെ ശ്രദ്ധേയമായ വാര്‍ത്ത.

ബറോസ്സ് എന്നാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്. ത്രിഡിയിലാണ് ഈ ചിത്രം ഒരുക്കുന്നത്. സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന വിശേഷം താരം തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചതും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ്സ് എന്നും താരം വ്യക്തമാക്കി. അതേസമയം മോഹന്‍ലാലിനെക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ലൂസിഫര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്‌സ് ടിവിക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് പൃഥ്വിരാജിന്റെ മനോഹരമായ വാക്കുകള്‍. ‘ ലാലേട്ടന്‍ ഒരു ഫിലിം മേക്കറാണ്. അത് ഇന്ന് ഞാന്‍ പറഞ്ഞു. വേണമെങ്കില്‍ നിങ്ങള്‍ ഇത് റെക്കോര്‍ഡ് ചെയ്തുവെച്ചോളൂ’ പൃഥ്വിരാജ് പറഞ്ഞു.

‘ബറോസ്സ്’; ‘സ്വപ്‌നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വിത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്‌നം’ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

Read more:ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയായ് ദീപിക; ശ്രദ്ധേയമായി മേയ്ക്ക്ഓവര്‍ വീഡിയോ

ഗോവയിലാണ് ബറോസ്സ് എന്ന സിനിമയുടെ ചിത്രീകണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിദേശ അഭിനേതാക്കളും അണിനിരക്കുമെന്നാണ് സൂചന. അതേസമയം സിനിമ സംവിധാനം ചെയ്യുക എന്ന തീരുമാനം മുന്‍കൂട്ടി എടുത്തതല്ലെന്നും സംഭവിച്ചുപോയതാണെന്നും താരം ബ്ലോഗില്‍ കുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിന്റെ സംവിധായകന്‍ ജിജോ പുന്നൂസുമായി സംസാരിക്കുമ്പോള്‍ ലഭിച്ച ഒരു ത്രെഡില്‍ നിന്നുമാണ് ബറോസ്സ് എന്ന ചിത്രത്തിന്റെ കഥ വികസിച്ചതെന്നും മോഹന്‍ലാല്‍ കുറിച്ചു.

‘ഒരിക്കലും നടക്കില്ല എന്ന് തിരിച്ചറിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് പൂട്ടിക്കെട്ടിയ ചിത്രം ഇന്ന് യാഥാർഥ്യമായതിന് പിന്നിൽ’.. വിശേഷങ്ങളുമായി സംവിധായകൻ ഗിരീഷ് മാട്ടട

ഒരിക്കലും നടക്കില്ല എന്ന് തിരിച്ചറിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് പൂട്ടിക്കെട്ടിയ ചിത്രം ഇന്ന് യാഥാർഥ്യമായതിന് പിന്നിലെ കഥ വെളിപ്പെടുത്തി സംവിധായകൻ ഗിരീഷ് പണിക്കർ മാട്ടട.  നവാഗതനായ സംവിധായകൻ ഗിരീഷ് പണിക്കർ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാംബിനോസ്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു ഇറ്റാലിയൻ അധോലോക  കുടുംബത്തിന്റെ കഥയാണ് ഗാംബിനോസ് എന്ന ചിത്രത്തിലൂടെ പറയുന്നത്. മാർച്ച് എട്ടിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഇതുവരെ മലയാള സിനിമ കാണാത്ത ഒരു പുതിയ സസ്‍പെൻസ് ത്രില്ലറായിരിക്കും. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി   സംവിധായകൻ ഗിരീഷ് പണിക്കർ….

കോഴിക്കോട് മുതൽ ഓസ്‌ട്രേലിയ വരെ ഒരു സിനിമ യാത്ര…

കോഴിക്കോട്  ജനിച്ചു വളർന്ന ഗിരീഷ് എന്ന ചെറുപ്പക്കാരൻ  പെട്ടന്നൊരു ദിവസം അവിചാരിതമായി സിനിമയിലേക്കു എത്തിയതല്ല. അതിന് പിന്നിൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹവും, സിനിമ അറിയാനുള്ള ഒരിക്കലും അവസാനിക്കാത്ത ആഗ്രഹവുമായിരുന്നു. മദ്രാസിൽ നിന്ന് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചിറങ്ങിയ ഗിരീഷ് ന്യൂസിലാൻഡിൽ നിന്ന് ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അപ്പോഴും സിനിമയോടുള്ള കടുത്ത പ്രണയം അയാളിൽ നിലനിന്നിരുന്നു.

പിന്നീട് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ സിനിമ പഠനത്തിൽ എത്തിക്കുകയായിരുന്നു. ഫിലിം മേക്കിങ്ങിൽ ന്യൂസിലൻഡിൽ നിന്നും ഡിപ്ലോമ നേടിയ ഗിരീഷ് അവിടെയും അവസാനിപ്പിച്ചില്ല തന്റെ സിനിമ ഭ്രാന്ത്. വീണ്ടും ന്യൂയോക്ക് ഫിലിം അക്കാദമി, ലോസ് ആഞ്ചലിൽസിൽ നിന്നും ഫിലിം മേക്കിങ് പൂർത്തിയാക്കിയ ഗിരീഷ് മലയാളത്തിലെ പ്രമുഖ സിനിമ സംവിധായകൻ  വിനയന്റെ അസിസ്റ്റന്റായി നിരവധി സിനിമകളിൽ ജോലി ചെയ്തു.

സിനിമ എങ്ങനെ ജീവിതമായി…

‘സ്വന്തമായി ഒരു സിനിമ ചെയ്യാനെത്തുമ്പോൾ സിനിമയെ നന്നായി അറിഞ്ഞിരിക്കണം. സിനിമ ഒരു ചെറിയ കാര്യമല്ല, അതിന്റെ അകവും പുറവും നന്നായി അറിഞ്ഞെങ്കിൽ മാത്രമേ അതിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ സാധിക്കൂ’…ഈ തിരിച്ചറിവാണ് ഗിരീഷിന് തന്റെ സിനിമ ചെയ്യാൻ വർഷങ്ങളോളം കാത്തിരിക്കാൻ ഊർജം നൽകിയത്.

ആദ്യ സിനിമലേക്കുള്ള എത്തപെടൽ…

ഒരു സിനിമ ചെയ്യുക എന്ന് തീരുമാനമെടുക്കാൻ എളുപ്പമാണ് എന്നാൽ ആ സിനിമയാകാം ഒരുപക്ഷെ ജീവിതത്തെ മാറ്റിമറയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ സിനിമ വളരെയധികം ഹോം വർക്ക് ചെയ്തതിന് ശേഷം മാത്രമാണ് എടുത്തത്. സിനിമയെക്കുറിച്ച് സ്വപ്നം കണ്ട് തുടങ്ങിയപ്പോൾ തന്നെ ഒരു ക്രൈം ത്രില്ലർ എടുക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ഇറ്റലിയിലെ ഒരു അധോലോക കുടുംബത്തെക്കുറിച്ച് അറിയുന്നത്. എന്നാൽ ഇത് വെറുമൊരു അധോലോക കുടുംബത്തിന്റെ കഥയല്ല. കുടുംബ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യം വിളിച്ചുപറയുന്ന ചിത്രം കൂടിയാണ്.

‘ദി ഗ്യാംബിനോസ്’ എന്ന പേരിന് പിന്നിൽ..

മലയാളം ചിത്രത്തിന് മലയാളം പേരു നൽകണമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ഓരോ ചിത്രത്തിനും അതിന്റെ സ്വഭാവത്തിനനുസരിച്ചുള്ള പേരുകളാണ് നൽകേണ്ടത്. ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ഏറ്റവും മികച്ച പേര് ഗ്യാംബിനോസ് തന്നെയായിരിക്കുമെന്ന് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുമെന്നും പ്രതീക്ഷിക്കുന്നു.

കാസ്റ്റിങ്ങിലെ വെല്ലുവിളികൾ…

ദി ഗ്യാംബിനോസ് എന്ന ചിത്രവുമായി അഞ്ച് വർഷം മുമ്പ് നിരവധി താരങ്ങളെ സമീപിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. അങ്ങനെ കഥയ്ക്ക് യോജിച്ച ഒരു നടനെ കിട്ടാത്തതിന്റെ പേരിൽ ആ സിനിമ പാക്ക് ചെയ്യേണ്ടി വന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഗ്യാംബിനോസ് എന്ന ചിത്രവുമായി എത്തുന്നത്.

വിഷ്ണു വിനയ് എന്ന ശാന്തസ്വഭാവക്കാരൻ…

വിനയൻ എന്ന സംവിധായകനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതുകൊണ്ടുതന്നെ തന്റെ ചിത്രത്തിൽ വിഷ്ണു അഭിനയിച്ചാല്‍ കൊള്ളാമെന്ന്‌ ആദ്യം അഭിപ്രായം പറഞ്ഞത് വിനയൻ സാറിനോടാണ്. വിഷ്ണുവിന്റെ പല ചിത്രങ്ങളും കണ്ടു, അതിൽ നിന്ന് നല്ലതും ചീത്തയും വേർതിരിച്ചെടുത്ത് വിഷ്ണുവിനെ ഗ്യാംബിനോസിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു.

വിഷ്ണുവിന്റെ മറ്റ് സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഗ്യാംബിനോസിലേത്.  വിഷ്ണു എന്ന നടന് വലിയ അഭിനയ സാധ്യതകൾ തുറന്നുകൊടുക്കുന്ന ഒരു ചിത്രമാണ്. അതുകൊണ്ടുതന്നെ ഇത് വിഷ്ണുവിന്റെ കരിയറിലെ ഒരു ബ്രെയ്ക്ക് ത്രൂ ആവുമെന്നതിൽ സംശയമില്ല.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ച്…

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാധിക ശരത് കുമാറാണ്. ശക്തമായ  സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിൽ നിന്നും ഒരു നടിയെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ക്രിപ്റ്റുമായി രാധികയെ സമീപിച്ചു. കഥ കേട്ട ഉടൻ തന്നെ  രാധിക സമ്മതം മൂളുകയായിരുന്നു.

ചിത്രത്തിൽ സമ്പത്തും ഒരു മുഖ്യകഥാപാത്രമായി വേഷമിടുന്നുണ്ട്. ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സമ്പത്ത് രാജ് അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും ചത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

‘സിനിമ’ അറിഞ്ഞതും പഠിച്ചതും…

സംവിധായകൻ വിനയനൊപ്പം എട്ടിലധികം ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട്. വിനയന്റെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘വാർ ആൻറ് ലവ്’, ‘കരുമാടിക്കുട്ടൻ’, ‘ഇൻഡിപെൻഡൻസ്’ തുടങ്ങി നിരവധി ചിത്രങ്ങൾ സിനിമയിലേക്കുള്ള ചുവടുവെയ്പ്പിന് ആധാരമായിരുന്നു.

മലയാള സിനിമയിൽ ഏറ്റവുമധികം ഇഷ്ടപെട്ടത് പത്മരാജൻ സിനിമകളാണ്. അദ്ദേഹത്തിന്റെ സിനിമ അവതരണത്തിലെ ശൈലി സിനിമയിലേക്ക് കൂടുതൽ ആകർഷിക്കുന്നതാണ്. വളരെ നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന കഥകളും മുത്തശ്ശിക്കഥകൾ പോലെ പറയുന്നതാണ് മറ്റ് സംവിധായകരിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുന്നത്.

പുതിയ സിനിമകളിൽ പലതിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രവും അത്തരത്തിൽ ഒരുപാട് പഠിക്കാനുള്ള ചിത്രമാണ്.

മറ്റ് സിനിമകളിൽ നിന്നും ഗ്യാംബിനോസ് വേറിട്ട് നിൽക്കുന്നത് ഈ വഴികളിലൂടെ …

ചിത്രത്തിന്റെ പേരു മുതൽ ചിത്രത്തിലെ ഗാനം വരെ കാത്തുസൂക്ഷിക്കപെട്ട ചിലത് ഈ ചിത്രത്തിലുമുണ്ട്. മലയാളം സിനിമയ്ക്ക് ഇംഗ്ലീഷ് പേര് നൽകിയപ്പോൾ അതൊരു റിസ്കി ജോബ് ആണെന്നറിഞ്ഞിട്ടും കഥയ്ക്ക് കൂടുതൽ യോജിച്ചത് അതാണെന്ന തിരിച്ചറിവാണ് ആ പേരിൽ ഉറച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്.

അതുപോലെ കഥാവികസനത്തെ തടയുന്ന രീതിയിൽ പാട്ടുകൾ ഔചിത്യമില്ലാതെ തിരുകിക്കയറ്റുന്ന പ്രവണത ഒഴുവാക്കപ്പെടണമെന്ന ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ചിത്രത്തിൽ ആവശ്യമായ രീതിയിലുള്ള പാട്ടു മാത്രം ചേർത്തു.

രണ്ട് മണിക്കൂറും രണ്ട് മിനിറ്റും മാത്രം ദൈർഘ്യമുള്ള ചിത്രം വെറും 22 ദിവസത്തിനുളിൽ പൂർത്തിയാക്കാൻ സാധിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തത് കോഴിക്കോട് തന്നെയാണ്. ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രണയവും പ്രതികാരവും പ്രമേയമായി വരുന്നുണ്ട്.

പുതിയ ചിത്രങ്ങൾ…

ഇനിയും സിനിമകൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. അടുത്ത ചിത്രം ഓസ്‌ട്രേലിയയിൽ ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. നല്ലൊരു കഥ ഒത്തുവന്നാൽ മമ്മൂട്ടിയെ നായകനാക്കി ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്.  പക്ഷെ ഗ്യാംബിനോസിലാണ് ഇപ്പോൾ എല്ലാ പ്രതീക്ഷയും.

മലയാളികൾ എന്നും വ്യത്യസ്ഥത ഇഷ്ടപെടുന്നവരാണ്. നല്ല സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ആസ്വാദകരാണ് പുതിയ സംവിധായകർക്ക് പ്രചോദമാകുന്നത്. ഈ തിരിച്ചറിവാണ് മുന്നോട്ട് പോകാനുള്ള ഊർജമാകുന്നതും.