‘മരുന്നിനൊപ്പം മംഗല്യവും’ വിവാഹ വേദിയായി ആശുപത്രി

July 3, 2018

ബംഗ്ലാദേശ് യുവാവിനും പാകിസ്ഥാൻ യുവതിക്കും വിവാഹ വേദിയായി ആസ്റ്റർ ആശുപത്രി. ശ്വാസ കോശത്തെ ബാധിക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി  ഡിസ്ട്രസ് സിൻഡ്രം ബാധിച്ച്‌ ആശുപത്രിയിൽ കഴിയുന്ന  ബംഗ്ലാദേശ് സ്വദേശിയായ ഷഹാദത്ത് ചൗധരിയുടെ മകനാണ് ആശുപത്രി വിവാഹവേദിയായി മാറിയത്. ആശുപത്രിയിൽ കിടക്കുന്ന ഷഹാദത്ത് ചൗധരി അപകട നില തരണം ചെയ്തെങ്കിലും  തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്ന അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിക്കില്ല.

ഈ സാഹചര്യത്തിലാണ് ബന്ധുക്കളുടെ പ്രത്യക അഭ്യർത്ഥന പ്രകാരം ആശുപത്രി വിവാഹ വേദിയായി മാറിയത്. മുംബൈ മൻഖൂറിലെ ആസ്റ്റർ ആശുപത്രിയാണ് വിവാഹത്തിന് സൗകര്യമൊരുക്കി നൽകിയത്. ക്യാനഡയിൽ വെച്ച് വിവാഹം നടത്തനാണ് ആദ്യം  തീരുമാനിച്ചിരുന്നത്. എന്നാൽ വരന്റെ അച്ഛന്റെ ആരോഗ്യ നില കണക്കിലെടുത്ത് ക്യാനഡയിൽ നടത്താനിരുന്ന വലിയ പരുപാടി മാറ്റി ആശുപത്രിയിൽവെച്ച്‌ ലളിതമായ രീതിയിൽ വിവാഹം നടത്തുകയായിരുന്നു.

വരനായ റിബാതും വധു സാനിക്കുമൊപ്പം വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ആശുപത്രിയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ആശുപത്രിയുടെ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ ആശുപത്രിയുടെ അധികൃതരും സാക്ഷികളായി. ഒരു കുടുംബത്തെ ഒന്നിച്ച് ചേർക്കാനും എന്നെന്നും ഓർക്കുന്ന മുഹൂർത്തങ്ങൾ സമ്മാനിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആശുപത്രി സി ഇ ഒ ഷെർബാസ് ബിച്ചു അറിയിച്ചു.