ഫുട്‌ബോള്‍ ലഹരിക്ക് ആവേശമായി ബ്ലാസ്‌റ്റേഴ്‌സിന്റെ തീം സോങ്; വീഡിയോ കാണാം

September 18, 2018

ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോങ്. പുട്‌ബോള്‍ ആരാധകര്‍ മാത്രമല്ല കേരളമൊന്നാകെ നെഞ്ചിലേറ്റിയിരിക്കുകയാണ് ഈ വീഡിയോ ഗാനം. ഐഎസ്എല്‍ പുതിയ സീസണുവേണ്ടിയാണ് പുതിയ ഗാനം പുറത്തിറക്കിയിരിക്കുന്നത്. തീം സോങ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഫെയ്‌സ്ബുക്കുകളിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലുമൊക്കെ ഇടം പിടിച്ചു.

വള്ളംകളി പാട്ടിന്റെ താളത്തിലാണ് പുതിയ തീം സോങ്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ടീമല്ല; വികാരമാണെന്ന് ആവേശത്തോടെ പറയുന്നുണ്ട് ഗാനത്തില്‍. പാട്ടിനൊപ്പം സി.കെ വിനീതിന്റെ പഞ്ച് ഡയലോഗും ഉള്‍പ്പെടുത്തിയിട്ടുണ്ട് തീം സോങില്‍. ’11 കളിക്കാര്‍, 12-ാമനായി ലക്ഷങ്ങള്‍. ഞങ്ങളാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്‘ സികെ വിനീതിന്റെ ഈ ഡയലോഗും ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു.

ഫുട്‌ബോള്‍ ലഹരിയുടെ ആവേശം മുഴുവന്‍ പ്രതിഫലിപ്പിച്ചുകൊണ്ടാണ് തീം സോങ് തയാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തീം സോങ് പുറത്തുവിട്ടത്. ‘ വെറും ഒരു ടീം മാത്രമല്ല. അതൊരു വികാരമാണ്. കേരളാ ഫാന്‍സ്, 12-ാം ആളാകാന്‍ തയ്യാറെടുക്കൂ…’ എന്നൊരു കുറിപ്പും തീം സോങിനൊപ്പം ചേര്‍ത്തിരുന്നു. നിരവധി പേരാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി രംഗത്തെത്തിയത്.

ഈ മാസം 29 നാണ് ഐഎസ്എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ആദ്യമത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരാണ് അത്‌ലറ്റിക്കോ മാഡ്രിഡ്.