‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്…’; മാംഗല്യം തന്തുനാനേനയിലെ പുതിയ ഗാനം കാണാം

September 27, 2018

പ്രേക്ഷകര്‍ക്ക് ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് ‘മാംഗല്യം തന്തുനാനേന’. ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘അഴിക്കുമ്പോള്‍ മുറുകുന്ന പല കുരുക്ക്…’ എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബിലൂടെ പുറത്തുവിട്ടത്. ഈ മാസം ഇരുപതിന് മാംഗല്യം തന്തുനാനേന തീയറ്ററുകളിലെത്തി. മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയാണ് ‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ദിന്‍നാഥ് പുത്തഞ്ചേരിയുടേതാണ് വരികള്‍. അസിം റോഷനാണു സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴെ പ്രേക്ഷകര്‍ ഏറ്റഎടുത്തിരുന്നു. കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്ന വിധം ഒരല്പം നര്‍മ്മത്തില്‍ കലര്‍ത്തി പറയുകയാണ് ഈ ചിത്രം. സൗമ്യ സദാനന്ദനാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നര്‍മ്മരസം കലര്‍ത്തിയ ഒരു കുടുംബ ചിത്രമാണ് ‘മാംഗല്യം തന്തുനാനേന’.

കുടുംബ പശ്ചാത്തലമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. ഒരു കുടുംബചിത്രം എന്നതിലുപരി ഒരു കോമഡി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ‘മാംഗല്യം തന്തുനാനേന’. ‘ജവാന്‍ ഓഫ് വെള്ളിമല’, ‘ഓലപ്പീപ്പി’, ‘കെയര്‍ ഓഫ് സൈറാ ബാനു’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് സൗമ്യ സദാനന്ദന്‍. എന്നാല്‍ സൗമ്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാംഗല്യം തന്തുനാനേന’.

ചിത്രത്തില്‍ റോയ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍ റോയിയുടെ ഭാര്യ ക്ലാരയായും ചിത്രത്തിലെത്തുന്നു. ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയ രാഘവന്‍, സലീം കുമാര്‍, സൗബിന്‍ സാഹിര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ‘മാംഗല്യം തന്തുനാനേന’യില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്.