ചൈന ഓപ്പണ്‍: ഇന്ത്യയ്ക്കിനി പ്രതീക്ഷ ഇല്ല

September 22, 2018

ചൈന ഓപ്പണ്‍ ബാഡ്മിന്റണിലെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസ താരങ്ങളായ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും പൊരുതി തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുവരും തോല്‍വി സമ്മതിക്കുകയായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് വനിതാവിഭാഗത്തില്‍ നിന്നും സിന്ധുവും പുരുഷ വിഭാഗത്തില്‍ നിന്നും ശ്രീകാന്തും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇരുവരിലും ഇന്ത്യ ഏറെ പ്രതീക്ഷ വെച്ചിരുന്നു. എങ്കിലും ക്വാര്‍ട്ടര്‍ ഫൈനലിനൊടുവില്‍ നിരാശയായിരുന്നു ഫലം.

ചൈനീസ് താരം ചെന്‍ യുഫെയിയോടായിരുന്നു പി.വി സിന്ധു തോല്‍വി സമ്മതിച്ചത്. ആദ്യ ഗെയിമില്‍ തോറ്റ സിന്ധു രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. എങ്കിലും ഫലമുണ്ടായില്ല. മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ സിന്ധു തോല്‍വി സമ്മതിച്ച് മടങ്ങി.

ജപ്പാന്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമൊട്ടോയുമായിട്ടായിരുന്നു ശ്രീകാന്തിന്റെ പോരാട്ടം. കളിയുടെ തുടക്കം മുതല്‍ക്കെ ശ്രീകാന്ത് പിന്നിലായിരുന്നു. ആദ്യ രണ്ട് ഗെയിമുകളും ജപ്പാന്‍ താരം സ്വന്തമാക്കിയതോടെ ശ്രീകാന്തിനും തോല്‍വി സമ്മതിക്കേണ്ടിവന്നു.