ബ്ലാസ്റ്റേഴ്‌സിനെ കൈവിട്ട് ക്രിക്കറ്റ് ദൈവം; ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

September 16, 2018

ലോക മലയാളികളുടെ ഹരമായി മാറിയ  കേരളാ ബ്ലാസ്റ്റേഴ്‌സിനെ കൈവിട്ട് ക്രിക്കറ്റ് ദൈവം സച്ചിൻ ടെന്‍ഡുക്കർ. കേരളത്തിലെ മഞ്ഞപ്പടയെ ഇന്ത്യ മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾ നെഞ്ചേറ്റിയതിന് പിന്നിൽ ഒരു കാരണം കൂടി ഉണ്ടായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ ടീമിലുള്ള ഉടമസ്ഥാവകാശം. എന്നാൽ കായിക പ്രേമികളുടെ ഈ ഇഷ്ട താരം ഇപ്പോൾ കേരളത്തിന്റെ മഞ്ഞപ്പടയെ കൈവിട്ടിരിക്കുകയാണ്.

ഐ എസ് എൽ  അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കേയാണ് കേരള ബ്ലാസ്റ്റേഴ്സിനെ കൈവിട്ട് ക്രിക്കറ്റ് ഇതിഹാസം പിന്നോട്ട് മാറിയത്. 2014ല്‍ ഐ എസ് എല്ലിന്‍റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്സിന് കരുത്ത് പകർന്ന് ഒപ്പമുണ്ടായിരുന്നു.  പ്രസാദ് വി പോട്ട്‍ലുരിയും സച്ചിനും ചേര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സിനെ 2014ല്‍ ഏറ്റുവാങ്ങിയത്. അതേസമയം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം കരസ്ഥമാക്കിയിരിക്കുന്നത് മലയാളി വ്യവസായിയും ലു ലു ഗ്രൂപ്പ് ചെയർമാനുമായ  എം എ യൂസഫലിയാണ്.

സച്ചിന് ബ്ലാസ്റ്റേഴ്സിന്‍റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ മുഴുവൻ അവകാശവുമാണ് യൂസഫലി കരസ്ഥമാക്കിയിരിക്കുന്നത്. മലയാളിയായ ഒരു വ്യവസായി ടീം  ഏറ്റെടുക്കുന്നതിലൂടെ കേരളത്തിന് ലാഭം മാത്രമേ ഉണ്ടാകുവെന്നുള്ള  വിലയിരുത്തലുകളാണ് ഇപ്പോൾ ഉണ്ടാകുന്നത്. സച്ചിന്‍റെ സാന്നിധ്യം നഷ്ടമായെങ്കിലും ടീമിന് ഏറെ ഗുണകരമാകുന്ന മാറ്റമാണ് ഇതെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഈമാസം 29ന് എടികെയ്ക്ക് എതിരെയാണ് അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം നടക്കുന്നത്. പുതിയ മാനേജ്‌മെന്റിന്റെ കീഴിലുള്ള മത്സരം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്..