പൊന്നുപോലെ കരുതാം ഹൃദയത്തെ; ഓരോ പ്രായത്തിലും ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

September 29, 2018

ഇന്ന് ലോകഹൃദയദിനമാണ്. പ്രായഭേദമന്യേ ഇക്കാലഘട്ടത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങളും ദിനംപ്രതി വര്‍ധിച്ചുവരുന്നുണ്ട്. പ്രതിവര്‍ഷം 17.5 ദശലക്ഷം പേരാണ് ഹൃദയസംബന്ധമായ അസുഖത്താല്‍ മരണപ്പെടുന്നത്. നല്ലൊരു ജീവിതശൈലി സ്വീകരിക്കുന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങളെ ഒരു പരിധി വരെ തടയാനാകും. ലോകഹൃദയദിനത്തില്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഹൃദയാഘാതത്തെക്കുറിച്ച് പ്രത്യേക ബോധവല്‍കരണം നടത്തുന്നുണ്ട്. ആരാഗ്യകരമായ ഭക്ഷണശീലവും പുകവലിക്കെതിരെയുള്ള ജീവിതശൈലിയുമൊക്കെയാണ് ഫെഡറേഷന്‍ ഈ വര്‍ഷം പ്രോത്സാഹിപ്പിക്കുന്നത്.
ഹൃദയത്തെ സംരക്ഷിക്കാന്‍ ഇരുപതാം വയസ്സില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൗമാരക്കാരുടെ ഇടയിലും യൗവ്വനത്തിന്റെ തുടക്കക്കാരിലുമെല്ലാം പൊതുവെ ഒരു വിചാരമുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇപ്രായത്തില്‍ വരാന്‍ സാധ്യത തീരെ കുറവാണെന്നുള്ള മിഥ്യാ ധാരണ. എന്നാല്‍ ഈ പ്രായത്തിലും ഹൃദയത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രായത്തില്‍ നല്ല ശീലങ്ങള്‍ സ്വായത്തമാക്കിയാല്‍ ഭാവിയില്‍ ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ചോര്‍ത്ത് പേടിക്കേണ്ടിവരില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് ഈ പ്രായത്തില്‍ സ്വീകരിക്കേണ്ടേത്.
നിങ്ങള്‍ ചെയ്യേണ്ടത്
ധാരളം വെള്ളം കുടിക്കുക
ഫാസ്റ്റ് ഫുഡിന്റെ അളവ് കുറയ്ക്കുക
പഴങ്ങളും പച്ചക്കറികളുമെല്ലാം ഭക്ഷണക്രമത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക.
വ്യായാമം ജീവിത ശൈലിയുടെ ഭാഗമാക്കുക
മധ്യപാനം, പുകവലി, മയക്കമരുന്ന് ഉപയോഗം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങള്‍ പരമാവധി ഒഴിവാക്കുക


മുപ്പതു വയസ്സിനും നാല്‍പ്പതു വയസ്സിനുമിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഉത്തരവാദിത്വങ്ങളുള്ള കാലഘട്ടമാണ് മുപ്പതു വയസ്സുമുതല്‍ നാല്‍പ്പത് വയസ്സുവരെയുള്ള സമയം. മറ്റ് കാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും ഹൃദയാരോഗ്യം ഈ പ്രായത്തില്‍ മറക്കരുത്.
നിങ്ങള്‍ ചെയ്യേണ്ടത്
നല്ല ആരോഗ്യത്തിനായി ഇടയ്ക്കിടെ വൈദ്യസഹായം തേടുക. ഇത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ സഹായിക്കും.
യോഗ പോലുള്ള വ്യായമങ്ങളിലൂടെ മാനസീക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക.
എല്ലാ ദിവസവും കൃത്യമായ സമയം നല്ല ഉറക്കം ശീലമാക്കുക.
ദിവസവും ഇരുപത് മുതല്‍ മുപ്പത് മിനിറ്റ് വരെ നടക്കുക.
കൊഴുപ്പ് അമിതമായി അടങ്ങിയ റെഡ് മീറ്റുകളുടെ ഉപയോഗം കുറയ്ക്കുക.
പഴങ്ങളും പച്ചക്കറികളും ധാരളാമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
പുകവലിയും മധ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും ഒഴിവാക്കുക.

50 വയസ്സിനു മുകളിലേക്കുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ പ്രായത്തിലാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവാന്‍ കൂടുതല്‍ സാധ്യത. അതിനാല്‍ ആരോഗ്യകരമായ ജീവിതരീതി ശീലമാക്കുന്നതിലും ഈ പ്രായത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
നിങ്ങള്‍ ചെയ്യേണ്ടത്
അമിത ഭാരം ഉണ്ടാവാതെ നോക്കുക
ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലമാക്കുക (ഹെല്‍ത്തി ഡയറ്റ്)
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള വ്യായാമങ്ങള്‍ ശീലമാക്കുക
നന്നായി ഉറങ്ങുക
മാനസീക സമ്മര്‍ദ്ദം ഒഴിവാക്കുക
രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍ തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക.നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാം ഹൃദയത്തെ സംരക്ഷിക്കാം