ഐ ലീഗ് ഫുട്‌ബോള്‍ ഈ മാസം 26 മുതല്‍

October 24, 2018

ഐ ലീഗ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഈ മാസം 26 മുതല്‍ തുടക്കമാകും. 11 ടീമുകളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ടീം ആദ്യമായി ഐ ലീഗ് കളിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ പോരാട്ടങ്ങള്‍ക്കുണ്ട്. റിയല്‍ കശ്മീര്‍ എഫ്‌സി എന്നാണ് കാശ്മീര്‍ ടീമിന്റെ പേര്. ഗോകുലം കേരള എഫ്‌സിയാണ് കേരളത്തില്‍ നിന്നുള്ള ടീം.

മിനര്‍വ പഞ്ചാബ് എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഇതിനു പുറമെ ഐസോള്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, നെറോക്ക എഫ്‌സി, ഷില്ലോങ് ലജോങ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഇന്ത്യന്‍ ആരോസ്, ചെന്നൈ സിറ്റി എഫ്‌സി എന്നിവരാണ് ഐ ലീഗില്‍ മാറ്റുരയ്ക്കുന്ന മറ്റ് ടീമുകള്‍.

ചെന്നൈ സിറ്റി എഫ്‌സിയും ഇന്ത്യന്‍ ആരോസും തമ്മിലാണ് ആദ്യ മത്സരം. കോയമ്പത്തൂരാണ് മത്സരവേദി. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. 27 ന് കോഴിക്കോട് വെച്ചാണ് ഗോകുലം കേരള എഫ്‌സിയുടെ ആദ്യ മത്സരം. മോഹന്‍ ബഗാനാണ് ആദ്യ എതിരാളികള്‍.