സ്വന്തം തട്ടകത്തിലെ പോരാട്ടത്തിനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്

October 5, 2018

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ പോരാട്ടത്തിനിറങ്ങും. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കാൽപന്ത് മാമാങ്കത്തിനാണ് കലൂർ ഇന്റർനാഷ്ണൽ സ്റ്റേഡിയം ഇന്ന് വേദിയാവുക. ആദ്യ ഹോംമാച്ചിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം. വൈകിട്ട് 7.30നാണ് കിക്കോഫ്.

ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യമത്സരത്തിൽ എടികെയെ തോൽപിച്ച ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം കണ്ടിരുന്നു. ഈ വിജയപ്രതീക്ഷയിൽതന്നെയാണ് ഇന്നും ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിനിറങ്ങുക. മത്സരം കാണാൻ ആഗ്രഹിക്കുന്നവർക്ക് സ്‌റ്റേഡിയം കൗണ്ടറുകളിൽ നിന്നും മുത്തൂറ്റ്, മൈജി ഔട്ട്‌ലെറ്റുകളിൽ നിന്നും ടിക്കറ്റുകൾ സ്വന്തമാക്കാം. ഇതിനുപുറമെ പേയ്ടിഎമ്മിലും ഇൻസൈഡറിലും ടിക്കറ്റുകൾ ഓൺലൈനായും വിൽക്കപ്പെടും. കളികാണാനെത്തുന്നവർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കരുതിയിരിക്കണം.

അതേസമയം കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ ഇന്ന് പോരാട്ടത്തിനിറങ്ങുന്നത് മറ്റൊരു സർപ്രൈസുമായിട്ടാണ്. പ്രളയക്കെടുതിയിൽ കേരളം മുങ്ങിയപ്പോൾ നാടിന്റെ രക്ഷകരായി അവതരിച്ച റിയൽ ഹീറോസായ മത്സ്യബന്ധന തൊഴിലാളികൾക്കായുള്ള ആദരം അർപ്പിക്കലാണ് ഇന്നത്തെ മത്സരം. ഇതിനായി പ്രത്യേക ജേഴ്‌സി അണിഞ്ഞായിരിക്കും കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുക.

ജേഴ്‌സിയുടെ മുൻവശത്തായി മത്സ്യബന്ധനതൊഴിലാളികളെയും ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തിയ പ്രത്യേക സൈന്യത്തേയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മഞ്ഞപ്പടയുടെ ബ്രാൻഡ് അംബാസിഡറായ മോഹൻലാൽതന്നെ ഇക്കാര്യം ഒരു വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് പങ്കുവെച്ചത്.