ലോകകപ്പിലെ ഇന്ത്യയുടെ ഏക ഗോളിനുടമ ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം…

October 4, 2018

ലോകകപ്പില്‍ ഇന്ത്യയുടെ ഏക ഗോളിന് അവകാശിയായ ജീക്സണ്‍ സിങ് ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. മണിപ്പുര്‍ സ്വദേശിയായ ജീക്സൺ കൊളംബിയക്കെതിരെയാണ് അണ്ടര്‍- 17 ലോകകപ്പില്‍ ഗോള്‍ നേടിയത്. ഇതോടെ ബ്ലാസ്റ്റേഴ്സില്‍ ഇടംപിടിച്ച അണ്ടര്‍-17 ലോകകപ്പ് താരങ്ങളുടെ എണ്ണം രണ്ടാകും. നേരത്തെ ഇന്ത്യന്‍ ഗോളി ധീരജ് സിങ്ങും ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നിരുന്നു. ധീരജായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത്. മികച്ച താരങ്ങൾ ബ്ളാസ്റ്റേഴ്‍സിന് സ്വന്തമാകുന്നതോടെ  രണ്ടുവട്ടം കൈവിട്ടു പോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്നുള്ള വിശ്വാസത്തിലാണ് മഞ്ഞപ്പട.

നിലവില്‍ ജാക്സൺ ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ കൂടെ സെര്‍ബിയയിലാണ്.ചണ്ഡീഗഡ് ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരം പഞ്ചാബില്‍ നിന്നുള്ള മിനര്‍വയില്‍ കളി തുടങ്ങുകയായിരുന്നു. മിഡ്ഫീല്‍ഡറായ ജീക്സണ്‍ പഞ്ചാബ് മിനര്‍വയുടെ യൂത്ത് ടീമിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ്.

ഒരുപിടി യുവതാരങ്ങളുമായി അണിനിരക്കുന്ന മഞ്ഞപ്പട സന്ദേശ് ജിങ്കൻറെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളക്കര. പലയിടങ്ങളിലായി  മികവ് കാട്ടിയവരെ ഒരുമിച്ച് കൂട്ടി കളിക്കളത്തിലേക്ക് ഇറങ്ങുന്ന ടീമിനെ  ഏറെ ആകാംഷയോടെയാണ് ഐഎസ്എല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

പത്ത് ടീമുകളാണ് ഇത്തവണ ഐഎസ്എല്‍ പോരാട്ടാത്തിനിറങ്ങുക. 2019 മാര്‍ച്ച് വരെ നീളുന്നതാണ് ഐഎസ്എല്‍ സീസണ്‍ 5. മൂന്ന് ഇടവേളകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ക്ക്. ഡിസംബറില്‍ ഫിഫ സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ആ മാസം ഐ എസ്എല്‍ നിര്‍ത്തിവെയ്ക്കും. ഫെബ്രുവരി മൂന്നാം തീയതി മത്സരങ്ങള്‍ വീണ്ടും ആരംഭിക്കും.