വൈറലായി കേരളാ പോലീസിന്റെ ട്രോൾ വീഡിയോ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

October 31, 2018

ചുരുങ്ങിയ കാലയളവുകൊണ്ട് ഏറെ ശ്രദ്ധ നേടിയ ഒന്നാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടികളുമെല്ലാം ട്രോള്‍ രൂപത്തില്‍ ഇറക്കി ശ്രദ്ധയാകര്‍ഷിച്ചതാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബോധവല്‍കരണവും കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ശക്തമായി മുന്നേറുന്നുണ്ട്.

ഇപ്പോഴിതാ വ്യാജപ്രചരണങ്ങൾക്കെതിരെ ട്രോൾ വീഡിയോയുമായി എത്തിയിരിക്കുകാണ് കേരള പൊലീസ്. പൊലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ ട്രോളുകയും പ്രചരണങ്ങൾ പൊളിച്ചടുക്കുന്നതുമാണ് ഫേസ്ബുക്ക് പേജിലൂടെ കേരള പോലീസ് പങ്കുവെച്ച വീഡിയോ.

ശബരിമല വിഷയത്തെ ആധാരമാക്കിയാണ് ഇത്തവണ വീഡിയോ കേരളാ പോലീസ് തയാറാക്കിയിരിക്കുന്നത്. പതിവുപോലെ ഈ ട്രോളും വൈറലായി. രസകരമായ മറുപടികൾ നൽകി കമന്റ് ബോക്സിലും കേരളാ പൊലീസ് ചിരിപ്പടർത്തി. ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ’ എന്നതു മുതൽ ‘മറ്റുള്ള ട്രോൾ പേജുകൾ അൺലൈക്ക് ചെയ്യാൻ പോവുകയാണെന്ന് വരെ കമന്റുകൾ കേരളാ പോലീസ് ഫേസ്ബുക്ക് പേജിൽ വന്നു.

ലൈക്കുകളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്ക് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിനെ തോല്‍പിച്ച് മുന്നേറുകയാണ് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. 816K ലൈക്കുകള്‍ സ്വന്തമാക്കിക്കൊണ്ടാണ് ഈ മുന്നേറ്റം. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ കേരളാ പോലീസ് തന്നെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.