ദിനേശനായി നിവിൻ; ‘ലൗ ആക്ഷൻ ഡ്രാമ’യുടെ വിശേഷങ്ങൾ അറിയാം..

October 16, 2018

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത  കഥാപാത്രങ്ങളായിരുന്നു  ദിനേശനും ശോഭയും. ലൗ ആക്ഷൻ ഡ്രാമയിലൂടെ  ഈ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയാണ് ധ്യാൻ ശ്രീനിവാസൻ.

ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിൻ പോളിയും നയൻ താരയുമാണ്. അജു വർഗീസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ നേരത്തെ കഴിഞ്ഞിരുന്നു. സിനിമയിൽ നിവിൻ പോളിക്കും നയൻ താരയ്‌ക്കുമൊപ്പം ഉറുവശിയും അജുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

നേരത്തെ തുടങ്ങാനിരുന്ന ചിത്രം താരങ്ങളുടെ തിരക്കുകൾ കാരണമാണ് നീട്ടിവെച്ചത്. റോഷൻ ആൻഡ്രൂസ് ചിത്രമായ കായം കുളം കൊച്ചുണ്ണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന നിവിൻ അടുത്തു തന്നെ ‘ദിനേശ’നായി മാറുമെന്ന് നടൻ അജു വർഗീസ് നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങൾക്ക്  അച്ഛന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകൾ നൽകിയ ധ്യാൻ ശ്രീനിവാസൻ ഇനിയുമേറെ കൗതുകങ്ങൾ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.