‘വാവിട്ട് കരഞ്ഞ പിഞ്ചുകുഞ്ഞിനെ താലോലിച്ച് പോലീസുകാരൻ’; വൈറലായി ചിത്രങ്ങൾ,കൈയ്യടിച്ച് സോഷ്യൽ മീഡിയ
പോലീസ് യൂണീഫോമിലും പിതൃസ്നേഹത്തിന്റെ വറ്റാത്ത ഉറവിടമായി ഒരു പോലീസുകാരൻ. സുരക്ഷാ ഡ്യൂട്ടിക്കിടെ വാവിട്ട് കരയുന്ന കുഞ്ഞിനെക്കണ്ട് വാത്സല്യത്തോടെ തലോലിക്കുന്ന പോലീസുകാരന് നിറഞ്ഞ കൈയ്യടിയുമായി സോഷ്യൽ മീഡിയ. തെലങ്കാന പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ മുജീബുല്‍ റഹ്മാനാണ് കൈക്കുഞ്ഞുമായി പരീക്ഷ എഴുതാനെത്തിയ അമ്മയ്ക്ക് സഹായ ഹസ്തവുമായെത്തിയത്.
തെലുങ്കാന പോലീസ് പരീക്ഷയുടെ സുരക്ഷാ ഡ്യൂട്ടിക്കായാണ് മുജീബ് മഹബൂബ് നഗറിലെ ബോയ്സ് ജൂനിയര്‍ കോളേജിലെത്തിയത്. ഇവിടെ വച്ചാണ് അമ്മയെ കാണാതെ കരയുന്ന ഒരു കുട്ടിയെ ഇയാള്‍ കാണുന്നതും കൈകളിലെടുത്ത് കൊഞ്ചിക്കുന്നതും. പോലീസ് പരീക്ഷയ്ക്കായി കയറിയ അമ്മയെക്കാണാതെ കരയുന്ന നാല് മാസം പ്രായമായ കുട്ടിയെ നോക്കാൻ എത്തിയത് മറ്റൊരു ചെറിയ പെൺകുട്ടിയാണ്. പെൺകുട്ടിയുടെ കൈകളിലിരുന്ന് നിർത്താതെ കരയുന്ന കുട്ടിയെ കണ്ട് പിതൃവാത്സല്യം തോന്നിയ മുജീബുൽ റഹ്മാൻ കുട്ടിയെ കൈകളിൽ എടുത്ത് താലോലിക്കുകയായിരുന്നു.
തെലങ്കാനയിലെ ഐ പി എസ് ഓഫീസറായ രേമ രാജേശ്വരിയാണ് മുജീബിന്റേയും കുട്ടിയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനോടകം തന്നെ വൈറലായ ചിത്രത്തിലൂടെ പോലീസുകാരന് അഭിനന്ദനവുമായി നിരവധി ആളുകൾ രംഗത്തെത്തി. തന്റെ ജോലി പൊതുസേവനമാണെന്നും ജോലിയെ ആത്മാർഥമായി സേവിക്കുന്നതിനാലാണ് തനിക്ക് ഇത് ചെയ്യാൻ സാധിച്ചതെന്നും മുജീബ് മറുപടി നൽകി. ഹൈദരാബാദിലെ മൂസാപേട്ട് പൊലീസ് സ്റ്റേഷനിലാണ് മുജീബ് ജോലി ചെയ്യുന്നത്.
Head Constable Officer Mujeeb-ur-Rehman (of Moosapet PS) who was on duty for conducting SCTPC exam in Boys Junior College, Mahbubnagar
trying to console a crying baby, whose mother was writing exam inside the hall. #HumanFaceOfCops#Empathy pic.twitter.com/QudRZbAADu— Rema Rajeshwari IPS (@rama_rajeswari) September 30, 2018