ഓട്ടോ റിക്ഷ ഡ്രൈവറായി അനുശ്രീ; ‘ഓട്ടര്‍ഷ’യിലെ ഗാനം കാണാം

November 11, 2018

അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘പുതു ചെമ്പാ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ക്കൊപ്പം ഗാനത്തിന്റെ മേയ്ക്കിങ് വീഡിയോയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വീഡിയോ സോങ്. ഇന്ദുലേഖ വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി ടി അനില്‍കുമാറിന്റെ വരികള്‍ക്ക് ശരത് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

സുജിത് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുറേയേറെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട ഇവരുടെ അനുഭവങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് അനുശ്രീ ‘ഓട്ടര്‍ഷ’യില്‍ എത്തുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

അനുശ്രീയ്ക്ക് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എല്‍ ജെ ഫിലിംസിന്റെ ബാനറിലാണ് ‘ഓട്ടര്‍ഷ‘ റിലീസ് ചെയ്യുന്നത്.