സ്വയം സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പ്രദര്‍ശനങ്ങളുമായി ‘സൂയി ധാഗ’
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ‘സൂയി ധാഗ’ എന്ന ചിത്രത്തിന് പ്രത്യേക പ്രദര്‍ശനങ്ങളൊരുക്കുന്നു. സ്വയം സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രത്യേക പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി പന്ത്രണ്ടോളം ചെറു പട്ടണങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. അനുഷ്ക ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. വരുണ്‍ ധവാനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘സൂയി ധാഗ’ എന്ന ചിത്രത്തിലെ അനുഷ്കാ ശര്‍മ്മയുടെ അഭിനയത്തെ അഭിനന്ദിച്ച് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവുമായ വിരാട് കോഹ്ലിതന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. അനുഷ്കയുടെ അഭിനയം തന്റെ ഹൃദയം കവര്‍ന്നെന്നാണ് കോഹ്ലി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയിലെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് ‘സൂയി ധാഗ’ എന്ന ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ മധ്യവയസ്കയായ ഒരു ഗ്രാമീണ സ്ത്രീയായിട്ടാണ് അനുഷ്ക ശര്‍മ്മ വേഷമിടുന്നത്. ശരത് കതാരിയ ആണ് ചിത്രത്തിന്റെ സംവിധാനം. വരുണ്‍ ധവാന്റെ അഭിനയം ഏറെ മികച്ചതാണെന്നും വിരാട് കുറിച്ചു. അനുഷ്ക ശര്‍മ്മയും വരുണ്‍ ധവാനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘സൂയി ധാഗ’ എന്ന ചിത്രത്തിനുണ്ട്.
തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പേ ‘സൂയി ധാഗ’ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനു വേണ്ടി തികച്ചും വിത്യസ്തമായൊരു പ്രൊമോഷനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ഇതിനായി സൂചിയില്‍ നൂല് കോര്‍ക്കുന്ന ഒരു ചലഞ്ചും സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ചലഞ്ചിന്റെ ഭാഗമായത്.
ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരുണ്‍ ധവാന് തന്നെയാണ് സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. അക്ഷയ് കുമാറും ഷാരൂഖ് ഖാനും ജാന്‍വി കപൂറുമെല്ലാം സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു.