വില്ലനായി കിടിലൻ ലുക്കിൽ ഉണ്ണി മുകുന്ദൻ; ‘മിഖായേലി’ന്റെ പോസ്റ്റർ കാണാം..

December 22, 2018

ഹനീഫ്  അദേനി  സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രം  ‘മിഖായേലി’ൽ നായകനായി നിവിൻ പോളി എത്തും. മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ നിവിന്റെ വില്ലനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനും അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിഖായേല്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന  ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്ന മിഖായേൽ. സിനിമയുടെ ഭൂരിഭാഗം വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുക എന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

ചിത്രം ആന്‍റോ ജോസഫ് ആണ് നിർമ്മിക്കുന്നത്. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍.

ചിത്രത്തിൽ സിദ്ദിഖ്, സണ്ണി വെയ്ൻ, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരും പ്രാധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിൽ നിവിന്റെ നായികയായി വേഷമിടുന്നത് മഞ്ജിമയാണ്.