ആത്മാവിൽതൊട്ട് ‘ഞാൻ പ്രകാശനി’ലെ പുതിയ വീഡിയോ ​ഗാനം

December 31, 2018

മികച്ച പ്രേക്ഷകപ്രതികരണത്തോടെ തീയറ്ററുകളിൽ മുന്നേറുകയാണ് ‘ഞാൻ പ്രകാശൻ’ എന്ന ചിത്രം. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിഞ്ഞ ചിത്രം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഫഹദ് ഫാസിലാണ് ഞാൻ പ്രകാശനിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിലെ ഒരു ​ഗാനത്തിനാണ് ആരാധകർ കൈയടിക്കുന്നത്. ‘ആത്മാവിൻ ആകാശത്താരോ…’ എന്നു തുടങ്ങുന്ന വീഡിയോ ​ഗാനത്തിന്റെ ചെറിയൊരു ഭാ​ഗമാണ് പുറത്തുവിട്ടിരിക്കുന്നത്. ബികെ ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷാനും ​ഗൗരി ലക്ഷ്മിയും ചേർന്നാണ് ആലാപനം.

17 വർഷങ്ങൾക്ക് ശേഷം സത്യൻ ശ്രീനി കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം, ഒരു പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. നിഖില വിമലാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷം ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രമാണിത്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ പി എസ് സി ലളിത, സബിത ആനന്ദ്, മറിമായം മഞ്ജു എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.