ഒരു കരീബിയന്‍ ഉഡായിപ്പിലെ ആദ്യ വീഡയോ ഗാനം പുറത്ത്

December 26, 2018

മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞു ഈ താരത്തിന്.

സുഡുമോന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു കരീബിയിന്‍ ഉഡായിപ്പ്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സാമുവല്‍ അബിയോള റോബിന്‍സണ്‍ ചിത്രത്തില്‍ പ്രഥാന കഥാപാത്രമായെത്തുന്നുണ്ടെങ്കിലും പുറത്തിറങ്ങിയ ഗാനത്തില്‍ സാമവല്‍ ഇല്ല. നവാഗതനായ എ ജോജിയാണ് ‘ഒരു കരീബിയന്‍ ഉഡായിപ്പ്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍ കെ വി നായരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയന്‍, മെറീന മൈക്കിള്‍, ഋഷി പ്രകാശ്, നിഹാരിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സക്കറിയ മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’. സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല.