തരംഗമായി ‘പേട്ട’യിലെ മരണമാസ് ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ

December 3, 2018

സിനിമാപ്രേമികളുടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് വീണ്ടും തകര്‍പ്പന്‍ ലുക്കിലെത്തുന്ന ചിത്രമാണ് പേട്ട. രജനീകാന്ത് നായകനായെത്തുന്ന ചിത്രത്തിലെ ഒരു തകര്‍പ്പന്‍ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. കാര്‍ത്തിക് സുബ്ബരാജാണ് ‘പേട്ട’ എന്ന ചിത്രത്തിന്റെ സംവിധായകന്‍.

അതേസമയം ‘പേട്ട’യിലെ ‘മരണമാസ്’ എന്ന ഗാനം റിലീസ് ചെയ്യുന്നതിന് മുമ്പേയാണ് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സ്‌റ്റൈല്‍ മന്നന്‍ എന്ന ആരാധകരുടെ വിളിപ്പേരുപോലെ തന്നെ കിടിലന്‍ സ്‌റ്റൈലന്‍ ലുക്കിലാണ് പേട്ടയില്‍ രജനീകാന്ത് എത്തുന്നത്.

എസ് പി ബാലസുബ്രഹ്മണ്യമാണ് ‘മരണമാസ്’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം എസ് ബി ബാലസുബ്രഹ്മണ്യം രജനീകാന്തിനായി പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ഗാനത്തിനായ് ആരാധകര്‍ കാത്തിരിക്കുന്നത്.

സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. മോഷന്‍ രൂപത്തിലുള്ള പേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരത്തെ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

Read more: സ്റ്റൈല്‍ മന്നനായി രജനീകാന്ത് വീണ്ടും; ‘പേട്ട’യുടെ പുതിയ പോസ്റ്റര്‍

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. സിമ്രാന്‍, തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.