മുളപ്പിച്ച പയറിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ ഏറെയാണ്…

January 19, 2019

നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷ്യ വസ്തുവാണ് പയർ. പയർ മുളപ്പിച്ച് കഴിക്കുന്നത് നിരവധി അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നതിന് കാരണമാകുന്നു..ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും.

രാവിലെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകളും മുളപ്പിച്ച പയറില്‍ ഉണ്ട്.

അസിഡിറ്റി ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ.