തണുപ്പ് കാലത്ത് ചുണ്ടുകൾ മനോഹരമായിരിക്കാൻ ചില പൊടികൈകൾ..

January 18, 2019

തണുപ്പ് കാലത്ത് പലരുടെയും ചുണ്ടുകൾ വരണ്ട് പൊട്ടാറുണ്ട്. ഇതിന് പരിഹാരമായി നിരവധി കെമിക്കലുകൾ ഷോപ്പുകളിൽ നിന്നും വാങ്ങി പലരും ചുണ്ടുകളിൽ പുരട്ടാറുണ്ട്. ഇത് പതിയെ ചുണ്ടിന്റെ മനോഹാരിതയും മൃദുത്വവും ഇല്ലാതാക്കുന്നതിന് കാരണമാകും.

ചുണ്ടുകൾ സംരക്ഷിക്കുന്നതിനായി ആദ്യം അറിയേണ്ടത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നതിന്റെ കാരണമാണ്. ഇത് അറിഞ്ഞാൽ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാകൂ..ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

1. ധാരാളം വെള്ളം കുടിക്കുക.
2. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകള്‍ വരണ്ടിരിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
3. ചുണ്ടുകള്‍ ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക. ഉമ്മിനീര് ചുണ്ടില്‍ നിന്ന് വറ്റുന്നതോടെ, അവ നമ്മുടെ ശരീരം ഉദ്പാദിപ്പിക്കുന്ന എണ്ണമയവും ഇല്ലാതാക്കും.

4. ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

എന്നാൽ ചുണ്ടിന്റെ സംരക്ഷണത്തിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ നോക്കാം…

റോസ് വാട്ടർ ചുണ്ടിൽ പുരട്ടുക…

റോസ് വാട്ടർ ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന്റെ സംരക്ഷണത്തിന് വളരെ നല്ലതാണ്. എന്നാൽ കടകളിൽ വാങ്ങിക്കാൻ കിട്ടുന്ന റോസ് വാട്ടറിൽ കെമിക്കലുകൾ ചേർക്കാൻ സാധ്യതയുള്ളതിനാൽ വീട്ടിൽ വളർത്തുന്ന റോസ് ചെടിയിലെ പൂക്കളിൽ നിന്നും റോസ് വാട്ടർ ഉണ്ടാക്കാം. റോസാപ്പൂവിന്റെ ഇതളുകള്‍ ചതച്ച്‌ അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും ഭംഗിയും വര്‍ധിപ്പിക്കും. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് റോസാപ്പൂ ലായനി സഹായിക്കുന്നു.

വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുക..

ശുദ്ധമായ വെളിച്ചെണ്ണയിൽ ഗുണങ്ങൾ ധാരാളമാണ്. കടകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റുകൾക്ക് പകരം ശുദ്ധമായ തേങ്ങയിൽ നിന്നും ഉണ്ടാക്കുന്ന വെളിച്ചെണ്ണ ശരീരത്തിലും ചുണ്ടിലും തേയ്ക്കുന്നത് വളരെ നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ്  ചുണ്ടില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടി ഉറങ്ങുന്നത് വരണ്ട ചര്‍മ്മം അകറ്റാന്‍ സഹായിക്കും. വെളിച്ചെണ്ണ ഉപയോ​ഗിച്ച്‌ ചുണ്ടുകള്‍ മസാജ് ചെയ്യുന്നതും വളരെ നല്ലതാണ്.

തേനോ നെയ്യോ പുരട്ടാം…

ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും. നെയ്യ് ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടുകളുടെ മനോഹാരിത നിലനിർത്തുന്നതിനും ചുണ്ടുകൾ വരളാതിരിക്കുന്നതിനും സഹായിക്കും..

Read Also: തിളക്കമുള്ള ചർമ്മത്തിന് ചില പൊടികൈകൾ…