തണുപ്പ് കാലത്ത് സ്ഥിരമായി ജലദോഷവും തുമ്മലും വരാറുണ്ടോ? അവയ്ക്ക് പരിഹാരം ഇവിടെയുണ്ട്…

January 14, 2019

തണുപ്പ് കാലത്ത് വിട്ടുമാറാതെയുള്ള ജലദോഷം മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്..തണുപ്പ് കാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതാണ് ഇത്തരത്തിൽ അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

തണുപ്പ് കാലത്ത് ഏറ്റവും കൂടുതൽ മടി കാണിക്കുന്ന ഒരുകാര്യമാണ് ആവശ്യത്തിന് വെള്ളം കുടിയ്ക്കുന്നത്. എത്ര തണുപ്പാണെങ്കിലും ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ജലാംശത്തിന്റെ ആവശ്യം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ കൃത്യമായ അളവിൽ ജലാംശം ലഭിക്കുന്നതുമൂലം ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളുകയും അതുമുലം ഉന്മേഷവും ഉണർവും വർധിക്കുകയും ചെയ്യുന്നു. അതിനാൽ തണുപ്പ് കാലത്ത് ധാരാളമായി വെള്ളം കുടിക്കുക.

ഇടയ്ക്കിടെ കൈയും മുഖവും കഴുകുന്നതും വളരെ നല്ല ശീലമാണ്. കാരണം നമ്മൾ പോലുമറിയാതെ പലഭാഗങ്ങളിൽ നിന്നും നമ്മുടെ കൈകളിലും മറ്റും പൊടിപടലങ്ങളും അണുക്കളും കടന്നുകൂടാറുണ്ട്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ കൈകൾ കഴുകുന്നത് ശരീരത്തിൽ അണുക്കൾ പ്രവേശിക്കാതെ ഒരു പരിധി വരെ സഹായിക്കും.

നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കാറുള്ള ഗാഡ്‌ജെറ്റുകളാണ് മൊബൈൽ ഫോൺ, ലാപ്ടോപ്പ്, എന്നിവ.. സ്ഥിരമായി ഉപയോ​ഗിക്കുന്ന ഇവയിൽ അണുക്കൾ തങ്ങിനിൽക്കാം. അതുകൊണ്ടുതന്നെ അതിലുളള പൊടിപടലങ്ങളൊക്കെ വൃത്തിയാക്കുന്നത് രോഗാണുക്കളെ അകറ്റിനിർത്താന്‍ സഹായിക്കും.

അതുപോലെത്തന്നെ കാലാവസ്ഥ മാറുന്നതനുസരിച്ച് ഭക്ഷണരീതിയിലും മാറ്റം കൊണ്ടുവരണം. തണുപ്പ് കാലത്ത് പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളമായി കഴിക്കണം. കോളിഫ്ളവർ, ബ്രോക്കോളി, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. കൂടാതെ മാതളനാരങ്ങ, തണ്ണിമത്തൻ, ആപ്പിൾ തുടങ്ങിയ പഴങ്ങളും ധാരാളം ഭക്ഷണത്തിൽ ചേർക്കുക. ഇവ രോഗങ്ങൾ പരത്തുന്ന അണുക്കളോട് പൊരുതാൻ ആവശ്യമായ ആന്റി ഓക്സൈഡുകൾ നമ്മുടെ ശരീരത്തിന് പ്രദാനം ചെയ്യും. ഇത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും. ഒരുപരിധി വരെ അസുഖങ്ങൾ ഉണ്ടാകാതെ ശരീരത്തെ സംരക്ഷിക്കാനും ഇത് സഹായകമാകും.