‘മരക്കാര്‍’ ലൊക്കേഷനില്‍ തല അജിത്ത്; ചിത്രങ്ങള്‍

February 16, 2019

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മരക്കാര്‍ ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴകത്തിന്റെ സൂപ്പര്‍താരം തല അജിത് അപ്രതീക്ഷിതമായി മരക്കാര്‍ ലൊക്കേഷനില്‍ എത്തിയതിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് മരയ്ക്കാറിന്റെ ചിത്രീകരണം അജിത്തിന്റെ 59-ാമത് ചിത്രത്തിന്റെ ഷൂട്ടിങും ഫിലിംസിറ്റിയില്‍വെച്ചുതന്നെയാണ്. ഷൂട്ടിങിനെത്തിയ താരം അപ്രതീക്ഷിതമായാണ് മരയ്ക്കാര്‍ ലൊക്കേഷനില്‍ എത്തിയത്. സംവിധായകന്‍ പ്രീയദര്‍ശനൊപ്പം അജിത്ത് സംസാരിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് മരക്കാരെ കാത്തിരിക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള മോഹന്‍ലാലിന്റെ മേക്ക്ഓവറും നേരത്തെ ശ്രദ്ധനേടിയിരുന്നു. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീര്‍ത്തി സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.


നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരിക്കും. ചിത്രത്തില്‍ വലിയ താര നിരയാണ്അണിനിരക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളില്‍ നിന്നും താരനിരകള്‍ ചിത്രത്തില്‍ വേഷമിടും.