ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന സൈക്ലിസ്റ്റായ് രജിഷ; പുതിയ ചിത്രം വരുന്നു
അഭിനയമികവു കൊണ്ട് പ്രേക്ഷക പ്രീതി ആവോളം ആവാഹിച്ച താരമാണ് രജിഷ വിജയന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ഫൈനല്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ഫൈനല്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഒരു സമ്പൂര്‍ണ്ണ സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന് എത്തുന്നത്. ഇത് ശരി വെയ്ക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും. നവാഗതനായ പി ആര് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാരന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് രജിഷ വിജയന് കേന്ദ്ര കഥാപാത്രമായെത്തുന്ന ജൂണ്‍ എന്ന ചിത്രം. നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന് എത്തുന്നതും.
വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം. ചിത്രത്തിനുവേണ്ടിയുള്ള രജിഷയുടെ മെയ്ക്ക്ഓവറും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ ഒരു ടീസര്‍ കൂടി അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയിലെ മനോഹരമായ ഒരു രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോജു ജോര്‍ജും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. രജിഷയും ജോജുവും തമ്മിലുള്ള രസകരമായ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ ടീസറിലൂടെ അടുത്തിടെ പുറത്തുവിട്ടത്. ചിത്രത്തില്‍ രജിഷയുടെ അച്ഛനാണ് ജോജു.