ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം
ലോകത്തൊട്ടാകെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം. ബുധനാഴ്ച രാത്രിയാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തടസം നേരിട്ടത്. ഇന്ന് രാവിലെയും പലയിടങ്ങളിലും ഈ തടസം തുടരുകയാണ്. അതേസമയം പ്രശ്നത്തെക്കുറിച്ച് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും ഇരുകമ്പനികളും ട്വിറ്ററിലൂടെ അറിയിച്ചു.
ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്യുന്നതിനാണ് പല ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഈ കാര്യ തങ്ങളുടെ ശ്രദ്ധയില്‍പെട്ടെന്നും എത്രയും പെട്ടന്ന് പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഔദ്യോഗിക ട്വിറ്ററിലൂടെ ഫെയ്സ്ബുക്ക് അറിയിച്ചു.
ഈ പ്രശ്നം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് തങ്ങള്‍ക്കറിയാമെന്നും എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഇന്‍സ്റ്റഗ്രാമും ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം പത്ത് മണിയോടെയാണ് പലരുടെയും ഫെയ്സ്ബുക്ക് അക്കൗണ്ടുകലില്‍ തടസം അനുഭവപ്പെട്ടു തുടങ്ങിയത്. എന്നാല്‍ മിക്ക ഇടങ്ങളിലും ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്.
അതേ സമയം ഇന്നലെ രാത്രി മുതല്‍ ചില അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റെ ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടിരുന്നു. അതുപോലെ തന്നെ പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യാനും പലര്‍ക്കും സാധിച്ചില്ല. പലര്‍ക്കും തങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല. എന്നാല്‍ മെസഞ്ചറില്‍ കാര്യമായ തടസം അനുഭവപ്പെട്ടില്ല.