ക്രിക്കറ്റ് താരമായി ദുല്‍ഖര്‍ സല്‍മാന്‍; ‘ദ് സോയ ഫാക്ടര്‍’ റിലീസ് തീയതി പുറത്ത്

March 13, 2019

മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഹിന്ദി ചിത്രമാണ് ‘ദ് സോയ ഫാക്ടര്‍’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 14 ന് തീയറ്ററുകളിലെത്തും. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരങ്ങളെ ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു താരമായിരുന്നു ചിത്രത്തിനുവേണ്ടിയുള്ള താരത്തിന്റെ പുതിയ ലുക്ക്.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണ് ‘ദ് സോയ ഫാക്ടര്‍’. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. വിത്യസ്തമായ ഹെയര്‍സ്‌റ്റൈലിലും കാതു കുത്തിയുമാണ് ദുല്‍ഖര്‍ പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഫോക്‌സ് സ്റ്റാര്‍ ഇന്ത്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫോക്സ് സ്റ്റാര്‍ ഇന്ത്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യേഗികമായി പ്രഖ്യാപിച്ചത്. നിഖില്‍  എന്നാണ് ദ് സോയ ഫാക്ടര്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.


ദുല്‍ഖര്‍ സല്‍മാന്‍ തന്നെ പുതിയ ചിത്രത്തിനുവേണ്ടിയുള്ള തന്റെ പുതിയ ലുക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണവും ചിത്രത്തിനു ലഭിക്കുന്നുണ്ട്. ‘ദ് സോയ ഫാക്ടര്‍’ എന്ന സിനിമയ്ക്കുവേണ്ടി ക്രിക്കറ്റ് പരിശീലിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Read more:‘റോക്കട്രി: ദ് നമ്പി ഇഫക്ട്’; അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും

അഭിഷേക് ശര്‍മ്മയാണ് ‘ദ് സോയ ഫാക്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. അനുജ ചൗഹാന്‍ രചിച്ച ‘ദ് സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചലച്ചിത്രം. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിനം ജനിച്ച പെണ്‍കുട്ടി, തുടര്‍ന്ന് ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും ശേഷം അവള്‍ ഒരു ഭാഗ്യരാശിയായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ‘കര്‍വാന്‍’ ആണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം.