‘വൈറസ്’ ഏപ്രിലില്‍ തീയറ്ററുകളിലേയ്ക്ക്
നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തെത്തി. ഈ വര്‍ഷം ഏപ്രില്‍ 26 ന് ചിത്രം തീയറ്ററുകളിലെത്തും. ഫിലിം ഫെയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ റിലീസ് പുറത്തുവിട്ടിരിക്കുന്നത്.
രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്, ചെമ്പന്‍ വിനോദ്, സൗബിന് സാഹിര്‍, ദിലീഷ് പോത്തന് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വന്‍ താര നിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്. ‘ എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന് ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് വൈറസ് എന്നാണ് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read more:‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’; കുമ്പളങ്ങി നൈറ്റ്സിലെ മനോഹരമായ ആ പ്രെപോസല്‍ രംഗം; വീഡിയോ
ആഷിക് അബു 2009ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്.