ചെമ്മീൻ കമ്പനിയിലെ ഷെയ്ൻ; തരംഗമായി കുമ്പളങ്ങിയിലെ പുതിയ വീഡിയോ

April 6, 2019

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രം. ചിത്രം കണ്ടിറങ്ങന്നുവര്‍ക്കെല്ലാം പറയാനുള്ളത് ഒന്ന് മാത്രം. കുമ്പളങ്ങിയിലെ ഈ രാത്രികള്‍ സുന്ദരം തന്നെ. കഥാ പ്രമേയം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രം. സിനിമയിലെ ഓരോ രംഗങ്ങളും അത്രമേല്‍ ആഴത്തില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ പതിയുന്നുണ്ട്.

കുമ്പളങ്ങിയിലെ പാട്ടുകളും രംഗങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പാട്ട് കേട്ട് ചെമ്മീൻ കമ്പനിയിൽ ജോലിചെയ്യുന്ന ഷെയ്ൻ നിഗത്തിന്റെ രംഗം പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു. ജോലിയുടെ ഭാരം കുറയ്ക്കാനായി പോപ്പ് മ്യൂസിക് കേൾക്കുകയും  അവസാനം ഇത് തനിക്ക് പറ്റിയ പണി അല്ല എന്ന് തിരിച്ചറിഞ്ഞ് ജോലി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുന്ന ബോബിയേയുമാണ് വീഡിയോയിൽ കാണുന്നത്.

ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും മറക്കാനാവാത്ത ഒന്നാണ് ബോബിയുടെ ഈ രംഗം. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബോബി. ബോബിയും ബേബി മോളും തമ്മിലുള്ള പ്രണയവും ഷെയ്ൻ ഏറെ മനോഹരമാക്കിയിരുന്നു. പണത്തിന്റെയും പ്രതാപത്തിന്റെയുമെല്ലാം അതിര്‍ വരമ്പുകള്‍ ഭേദിച്ചുകൊണ്ടുള്ള ഈ പ്രണയം പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നു. ബേബി മോളുടെയും ബോബിയുടെയും പ്രണയത്തിലെ മനോഹരമായ ഒരു രംഗങ്ങളും അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’ എന്ന ക്യാപ്ഷനോടു കൂടിയാണ് ഈ രംഗം യുട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. മണിക്കറുകള്‍ കൊണ്ടുതന്നെ രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Read more:ഇത് കഷ്‌ടപ്പാടിന്റെ വിജയം; സിവിൽ സർവീസിൽ മികച്ച വിജയം നേടി ശ്രീധന്യ

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യൂസ്, അന്നാ ബെൻ  എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.