ഹൃദയംതൊട്ട് ഈ അമ്മക്കുറിപ്പുകള്‍

May 30, 2019

മദഴേസ് ഡേയുടെ ഭാഗമായി ഫ്ളവേഴ്‌സ് ഓണ്‍ലൈന്‍ സംഘടിപ്പിച്ച മത്സരത്തില്‍ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. നിരവധി അനുഭവങ്ങള്‍ ഹൃദയംതൊട്ടു. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച് അപഹരിക്കപ്പെടാത്ത പച്ചയായ അനുഭവങ്ങള്‍ ഞങ്ങളോട് പങ്കുവെച്ചതിന് ഒരായിരം നന്ദി.

തെരഞ്ഞെടുക്കപ്പെട്ട വിജയികളും അവര്‍ പങ്കുവെച്ച അമ്മക്കുറിപ്പുകളും

*Achu Vipin- 


ഞാന്‍ കുഞ്ഞായിരിക്കുമ്പോ രാവിലെ എഴുന്നേല്‍പ്പിച്ചു കുളിപ്പിച്ച് കണ്ണെഴുതി പൊട്ടു കുത്തി മുടി ഒക്കെ പിന്നിയിട്ട് ഒരു കിലോമീറ്റര്‍ നടന്ന് എന്നേം അനിയനെയും എന്നും സ്‌കൂളില്‍ കൊണ്ട് ചെന്ന് വിടുന്നത് അമ്മയായിരുന്നു ഇതൊക്കെ കേട്ട് അമ്മയുമായി ഒരു വല്ലാത്ത അടുപ്പം ആയിരുന്നു ഈ കുട്ടിക്കെന്ന് നിങ്ങള്‍ വിചാരിക്കരുത്, കണ്ടാല്‍ കീരിയും പാമ്പും ആയിരുന്നു ഞാനും അമ്മയും …

പെണ്‍കുട്ടി ആണെങ്കിലും ആണ്‍കുട്ടിയുടെ കുസൃതികള്‍ ആയിരുന്നെനിക്ക്…ഉറങ്ങി കിടക്കുന്ന അനിയനെ പോയി ഇടിക്കുക അവനെ വെറുതെ പിടിച്ചു കടിക്കുക,പഞ്ചാര പാത്രത്തില്‍ ഉപ്പിട്ട് ഇളക്കുക,വെറുതെ പറമ്പില്‍ നടക്കുന്ന വല്ലവന്റെയും കോഴികുഞ്ഞുങ്ങളെ കല്ലെടുത്ത് എറിയുക ആ കല്ല് കോഴിക്ക് കൃത്യമായി കൊണ്ടില്ലെങ്കി പുറകെ ഓടിചെന്ന് കഷ്ടപ്പെട്ടു പിടിച്ചതിന്റെ കഴുത്തു പിടിച്ചു ഞെരിക്കുക അങ്ങനെ പോകുന്നു എന്റെ ലീലവിലാസങ്ങള്‍… ഒരു ദിവസം മിനിമം പത്തിരുപതു അടിയെങ്കിലും അമ്മയുടെ കയ്യില്‍ നിന്നും എനിക്കിട്ടു കിട്ടും.ഉള്ള അടി മുഴുവന്‍ മേടിച്ചു കരഞ്ഞു കൊണ്ട് ഞാന്‍ അമ്മയുടെ നേരെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുമായിരുന്നു എന്നാലോ എന്റെ എല്ലാ കാര്യത്തിനും എനിക്ക് അമ്മ തന്നെ വേണമായിരുന്നു താനും…

ഒരു ദിവസം മൂന്നാം ക്ലാസ്സിലെ ഫ്രീ പിരീഡ് സമയം ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ എനിക്കൊരു മൂത്ര ശങ്ക… ചോദിച്ചിട്ട് പോകാന്‍ ആണേല്‍ ക്ലാസ്സില്‍ ടീച്ചറും ഇല്ല അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അറിയാതെ ഞാന്‍ പാവാടയില്‍ മൂത്രമൊഴിച്ചു പോയി..അറിയാതെ മുള്ളിപ്പോയ ഒരു പെങ്കൊച്ചിന്റെ മാനസികാവസ്ഥ നിങ്ങള്‍ക്കൂഹിക്കാമല്ലോ അല്ലെ ? എന്റെ പാവാട മൊത്തം മൂത്രമയം, എനിക്കാണേല്‍ വല്ലാത്ത നാണക്കേട് തോന്നി.ക്ലാസ്സില്‍ ഉള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്റെ നേരെ നോക്കി ഉറക്കെ ചിരിക്കുന്ന കണ്ടു സഹിക്ക വയ്യാതെ അമ്മയെ വിളിച്ചു ഞാന്‍ അലറിക്കരഞ്ഞു.

അന്നെന്റെ കുഞ്ഞ് മനസ്സില്‍ തെളിഞ്ഞ ആദ്യത്തെ മുഖം എന്റെ അമ്മയുടെതായിരുന്നു..അമ്മ ഒന്നോടി വന്നെങ്കില്‍,എന്നെ ഒന്ന് കെട്ടിപ്പിച്ചെങ്കില്‍, പോട്ടെ സാരോല്ല എന്ന് പറഞൊരുമ്മ തന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ വളരെ അധികം ആഗ്രഹിച്ചു പോയി….

ഒടുക്കം ടീച്ചര്‍ ക്ലാസ്സില്‍ വന്നു ഒരുവിധം എന്നെ സമാധാനിപ്പിച്ചിരുത്തി..വൈകിട്ട് മൂന്നരക്ക് കുട്ടികള്‍ ജനഗണമന പാടി ബെല്‍ അടിച്ച നേരം പുറത്തേക്കൊരോട്ടമായിരുന്നു ഞാന്‍.. PT ഉഷ ഒളിമ്പിക്‌സില്‍ പോലും ഓടാത്ത രീതിയില്‍ ഉള്ള ഓട്ടമായിരുന്നത്..അന്ന് ആ സ്‌കൂള്‍ ഗേറ്റിനു പുറത്തു പച്ച സാരിയുടുത്തു ഞാന്‍ ഓടി ചെല്ലുന്നത് നോക്കി നില്‍ക്കുന്ന അമ്മയുടെ തലവെട്ടം കണ്ടപ്പോള്‍ കിട്ടിയ ആശ്വാസവും സന്തോഷവും വേറെ ഒരിടത്തു നിന്നും കിട്ടിയില്ല എന്നതാണ് സത്യം..

ഒത്തിരി തല്ലു കൂടിയിട്ടും ഞാന്‍ നന്നാവാത്ത ലക്ഷണം കണ്ടിട്ടാകണം അമ്മയത് പറഞ്ഞത്, നിനക്കും കൊച്ചുണ്ടാകുമെടി അന്നേരം നീ പഠിച്ചോളും…പറഞ്ഞത് പോലെ തന്നെ എനിക്കും ഉണ്ടായി ഒരൊന്നൊന്നര സാധനം എന്നേക്കാള്‍ വലിയ തരികിടയാണവന്‍. ഇപ്പോള്‍ അവന്റെ പുറകെ ഓടി നടന്നു ഞാന്‍ പെടാപാട് പെടുന്നത് കാണുമ്പോള്‍ അമ്മ പറയും ‘മത്തന്‍ കുത്തിയ കുമ്പളം മുളക്കൊ മോളെ നിനക്കു അങ്ങനെ തന്നെ വേണം’

എത്രയൊക്കെ പറഞ്ഞാലും ഈ അമ്മയെന്നു പറയുന്ന സാധനം ഉണ്ടല്ലോ അത് കടയില്‍ കിട്ടില്ല.’നമുക്ക് മുന്നേ ജനിച്ച നമുക്കായുള്ള സമ്മാനം ആണ് നമ്മടെ അമ്മ’അത്രേം വിലപിടിപ്പുള്ളത് നഷ്ടപ്പെട്ട പിന്നെ ജീവിതത്തില്‍ അതുപോലൊന്നു മഷിയിട്ട കിട്ടില്ല സുഹൃത്തുക്കളെ അതുകൊണ്ട് ഉള്ള കാലം അമ്മയെ നന്നായി അങ്ങട് സ്‌നേഹിച്ചോളു.

*Perumbavur Ramachandran

എന്റെ ‘അമ്മ’ എന്റെ മാത്രം ‘അമ്മയല്ലായിരുന്നു ..സകല ജീവികളുടെയും അമ്മയായിരുന്നു !!!!
അമ്മയെ ഞാന്‍ ഒരവസരത്തില്‍ മാത്രമല്ല മിസ് ചെയ്യുന്നത് .എപ്പോഴെല്ലാം ഭക്ഷണം കഴിക്കുന്നുവോ അപ്പോഴെല്ലാം മിസ് ചെയ്യുന്നു .
അമ്മയെ കുറിച്ചു പറയുവാന്‍ ഒരുപാടുണ്ടു …ചില ഓര്‍മ്മകള്‍ പാങ്കുവെയ്കാം .
ഒരിക്കല്‍ ആരോ വിഷം വെച്ചത് ഭക്ഷിച്ച പന്നിയെലി അഥവാ പെരിച്ചാഴി മരണവെപ്രാളത്തില്‍ വീട്ടു മുറ്റത്തു വന്നു കിടന്നു .നാവു നീട്ടി മലര്‍ന്നു കിടക്കുന്ന ആ ജീവിയെ കണ്ടാല്‍ തന്നെ ഭയപ്പെടും പക്ഷെ എന്റെ ‘അമ്മ ഒരു പ്ലാവിലയില് വെള്ളം എടുത്തു പതിയെ ആ ജീവിയുടെ വായില് ഒഴിച്ച് കൊടുത്തു .വെള്ളം കുടിച്ചു കുറച്ചു കഴിഞ്ഞപ്പൊള്‍ ആ ജീവി മരണപെട്ടു .
ഞങ്ങളുടെ വീട്ടില്‍ ചോറ് വാര്‍ത്തു കഴിഞ്ഞാല്‍ ആദ്യം ഭഗവാനു നിവേദ്യം ,പിന്നീട് കാക്കകള്‍ക്ക് ,കൂടെ മൈനകള്‍ക്കും വന്നു ഭക്ഷിക്കുന്ന മറ്റെല്ലാ കിളികള്‍ക്കും .പരമ്പരയായി എന്നും തുടരുന്ന ഈ രീതി ഈ പ്രപഞ്ചം നമുക്കു മാത്രം പാര്‍ക്കാനോ ,ഭക്ഷിക്കാനുള്ളതോ അല്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്നു .
ഒരിക്കല്‍ ഒരു തള്ള പൂച്ച വീട്ടില്‍ വന്നു പ്രസവിക്കുകയും ഒന്നു രണ്ടു ദിവസത്തിന് ശെഷം അതിനെ കാണാതാവുകയും ചെയ്തു .തള്ള നഷ്ടപെട്ട ആ കുഞ്ഞുങ്ങളെ ‘അമ്മ ഒരു ഫില്ലറില്‍ പാലെടുത്തു എന്നും വായില് നല്‍കുമായിരുന്നു .കണ്ണുതുറന്നു സ്വന്തമായി അവ ഇര പിടിക്കുന്ന വരെ ഈ പ്രക്രിയ തുടര്‍ന്നു .
ഒരുദിവസം കോളേജില്‍ നിന്നു ഉച്ചയായപ്പോള്‍ ഞാന്‍ വീട്ടില്‍ വന്നു അപ്പൊള്‍ വീട്ടിലെ കാഴ്ച്ച ഇതായിരുന്നു ‘ താടിയും മുടിയും നീട്ടി വളര്‍ത്തി ,മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാള് അടുക്കള ഭാഗത്തെ തിണ്ണയിലിരുന്നു തൂശനിലയില്‍ ഭക്ഷണം കഴിക്കുന്നു .മുന്‍വശത്തെ വാതിലില്‍ വന്നു ഞാന്‍ അമ്മയോടു ചൊദിച്ചു ‘ ആരാ എന്താ എന്നറിയാതെ അയാളെ തിണ്ണയിലിരുത്തി ഭക്ഷണം നല്കാന്‍ ഭയമില്ലേ ??? വല്ല കള്ളനാണെങ്കിലോ ? കണ്ടാല് ഭ്രാന്തനെ പൊലെ ഇരിക്കുന്നു !!

അമ്മയെ ഉപദ്രവിച്ചാല്‍ എന്തു ചെയ്യുമായിരുന്നു ?? എടാ നീ വിചാരിക്കും പൊലെ ഒന്നും അല്ല .ഒരു പാവം വിശക്കുന്നു ..കഞ്ഞി വെള്ളം തരുമോന്നു ചൊദിച്ചു ….ഞാന്‍ ചോറ് കൊടുത്തു ….കഴിച്ചിട്ട് അയാള് പൊയ്‌ക്കോളും …..
.പിന്നെ നീ ഒന്നു മനസിലാക്കണം ‘വിശപ്പു അത് രാജാവിനും ,മന്ത്രിക്കും ,ഭിക്ഷക്കാരനും ,ഭ്രാന്തനും ,നിനക്കും എനിക്കും ജീവികള്‍ക്കും ഒന്നു തന്നെയാണു ‘
അമ്മയുടെ ഈ ഉപദേശത്തിന് ശെഷം അമ്മയുടെ ദാനധര്മത്തെ ഞാന്‍ വിമര്‍ശിക്കാറില്ല .വീട്ടില്‍ ആരു എപ്പോള്‍ വന്നാലും കാപ്പിയോ സംഭാരമോ നല്കാതെ വിടില്ല അവിടെ പരിചയത്തിനു സ്ഥാനമില്ല .ഈ പുണ്യകര്‍മ്മം കൊണ്ടായിരിക്കാം 2008 മെയ് പതിമൂന്നിന് അമ്മ ഒരു ദിവസം പൊലും കിടക്കാതെ ഈ ലോകത്തോട് വിട പറഞ്ഞു .ഇനിയൊരു ജന്മമുണ്ടെങ്കില് ഈ അമ്മയുടെ മകനായി തന്നെ ജനിക്കണം ….എന്തിനെന്നാല്‍ എനിക് ‘അമ്മ നല്‍കിയതൊന്നും ഈ ജന്മത്തില്‍ തിരികെ കൊടുത്തു തീര്‍ക്കാന്‍ സാധിച്ചില്ല …സ്‌നേഹിച്ചു പരിചരിച്ചു വന്നപ്പോളേക്കും അമ്മയെ നഷ്ടപെട്ടു …
ഇന്നും ഓര്‍ക്കുമ്പോള്‍ ….നിറയുന്ന കണ്ണുകള്‍ ….അതു അമ്മയ്ക്ക് മാത്രം സ്വന്തം …

* Libin Madathil

ഞാന്‍ ഒരു പ്രവാസി ആണ്.. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ഞാന്‍ ഒരു റൂമില്‍ തനിച്ചു ആയിരുന്നു .. 21 ദിവസം തനിച്ചു ആരും നോക്കാന്‍ ഇല്ലാതെ (ഫുഡ് കൊണ്ട് വന്നു തരാന്‍ ഒരാള്‍ വരും) ചിക്കന്‍ പോക്‌സ് വന്നു കിടപ്പില്‍ ആരുന്നു.. അമ്മയുടെ ഒരു ഫോണ്‍ കാള്‍ അതായിരുന്നു എന്നും രാവിലെ എനിക്കാണ്ഒരു പ്രചോദനം.. അങ്ങനെ വിളിക്കുമ്പോ ‘അമ്മ കരയാന്‍ തുടങ്ങും എന്റെ മനസിലും ഒരുപാട് വിഷമം ആവും .. നാട്ടില്‍ ആരുന്നേല്‍ സമയത്തിന് ഉപ്പില്ലാത്ത കഞ്ഞി കരിക്കിന്‍ വെള്ളം എല്ലാം കൃത്യമായി കിട്ടും.. ഇവിടെ എന്താ ഒരു ജയില്‍ ജീവിതം.. അമ്മയെ ഓര്‍ക്കാതെ ഒരു നിമിഷം പോലും ഇല്ല.. അമ്മയുടെ മിസ് കാള്‍ കണ്ടില്ലെങ്കില്‍ വല്ലാതെ വിഷമിക്കും.. ‘അമ്മ അടുത്തുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആ റൂമില്‍ തനിച്ചാവില്ലായിരുന്നു.. രാത്രിയില്‍ തല കറങ്ങി വീണപ്പോള്‍ ഒരു താങ്ങായി അമ്മയും ഉണ്ടായിരുന്നേനെ.. അമ്മയോടുള്ള സ്‌നേഹം അത് എത്ര കൊടുത്താല്‍ കിട്ടിയാലും മതിയാവില്ല.

* Reji Achankunju

അമ്മ മിസ്സ് ചെയ്ത ഒരുപാട് അനുഭവങ്ങള്‍ ജീവിതത്തില്‍ തന്നിട്ടുണ്ട്… അമ്മയെ മിസ്സ് ചെയ്ത ആദ്യ അനുഭവം അമ്മക്ക് സുഖമില്ലാതെ കിടന്നപ്പോള്‍ ആണ്.. അതിനു മുന്‍പൊക്കെ അമ്മ എപ്പോള്‍ ആഹാരം തന്നാലും അതില്‍ എന്തെങ്കിലും കുറ്റവും കുറവും കണ്ടെത്തി അമ്മയെ കുറ്റപ്പെടുത്തുമായിരുന്നു.. അന്നാണ് അമ്മയ്ക്ക് സുഖമില്ലാതെ കിടന്നപ്പോള്‍ പപ്പാ ആദ്യമായി അടുക്കളയില്‍ കയറി… അന്ന് അമ്മ പാചകം ചെയ്യുന്ന ആഹാരത്തിന്റെ രുചി ഓര്‍ത്തു അമ്മയെ മിസ്സ് ചെയ്തു(പപ്പാ ഉണ്ടാക്കിയ ആദ്യ ചായ യില്‍ തന്നെ ) .. പിന്നെ ജോലി കിട്ടി ഗുജറാത്തില്‍ ചെന്നപ്പോള്‍ അവിടുത്തെ വെള്ളം പോലെ ഉള്ള മോരുകറിയും രസം പോലെ ഉള്ള മീന്‍കറിയും പായസം പോലെ ഉള്ള ചോറും കിട്ടിയപ്പോള്‍ അമ്മയെക്കുറിച്ചു ഓര്‍ത്തു വിതുമ്പി… പിന്നെ മലേറിയ വന്നു ഗുജറാത്തില്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍… നാട്ടില്‍ ഒരു ചെറിയ പനിവന്നാലും അടുത്ത് വന്നിരുന്നു ശുശ്രുഷിക്കുന്ന അമ്മയെ മിസ്സ് ചെയ്തു… അങ്ങനെ ഒരുപാട് കാര്യങ്ങള്‍….

* Renjith Kavumkal

ഈ അമ്മയും മകനും സാധാരണക്കാരാട്ടോ.
പഴുത്ത മാങ്ങയുടെ മധുരവും കശുമാങ്ങയുടെ ചവര്‍പ്പും ഒരേ സമയം നുണഞ്ഞിറക്കുന്ന സാധാരണക്കാര്‍.
ഹോസ്റ്റല്‍ മെസ് ഹാളില്‍ കൂട്ടുകാരുടെ ബഹളങ്ങള്‍ക്ക് നടുവില്‍ ഇരിക്കുമ്പോഴാണ് അമ്മയെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യാറുള്ളത്….എത്ര രുചിയുള്ള ഭക്ഷണം മുന്നില്‍ കൊണ്ടു വെച്ചാലും അതിനൊന്നും രുചിയില്ലെന്ന് തോന്നും…
വീട്ടിലെ റേഷനരി ചോറിനും തലേ ദിവസത്തെ മീന്‍ കൂട്ടാനും ഒടുക്കത്തെ രുചിയാണെന്ന് അപ്പോഴേക്കെ തോന്നിപോകാറുണ്ട്…

സാധാരണക്കാരിയായ അമ്മ വളര്‍ത്തിയ മകനാണെന്ന് അവസരം കിട്ടുമ്പോഴൊക്കെ പറയാറുണ്ട്.അത് വെറുതെയല്ല ജനിച്ച് വളര്‍ന്ന കൊച്ചുഗ്രാമത്തിന്റെ നന്മയും കുശുമ്പും മാത്രം കണ്ടുവളര്‍ന്ന നാട്ടില്‍ പുറത്തുകാരിയാണ് എന്റെ അമ്മ.

ചെറു പ്രായത്തില്‍ തന്നെ ജീവിതത്തിന് നേര്‍ക്ക് കാര്‍ഗില്‍ യുദ്ധം ആരംഭിച്ചതാണ് അമ്മ..ശരീരം പൊള്ളലേറ്റ് ജീവിതത്തെ പ്രതിസന്ധിയുടെ നടുക്കടലില്‍ നിര്‍ത്തിയപ്പോഴും.രണ്ടുമാസം മാത്രം പ്രായമായ മകനെ വേണ്ടെന്ന് വച്ച് ജനിപ്പിച്ചയാല്‍ യാത്രയായപ്പോഴും ജീവിതത്തെ നോക്കി സൗമ്യമായി പുഞ്ചിരിക്കുക മാത്രമാണ് അമ്മ ചെയ്തത്,ജീവിതയാത്രയിലെ കല്ലും മുള്ളും ആ പുഞ്ചിരിയില്‍ അലിഞ്ഞു പോയി. ആരുടെ മുന്നിലും തലകുനിക്കാതെ എന്നെ വളര്‍ത്തി ഒരേ സമയം എനിക്ക് അമ്മയുടെ സ്‌നേഹവും അച്ഛന്റെ ശാസനയും തന്നു.
അര്ഹതയില്ലാത്ത സ്വപ്നങ്ങളെ മുളയിലേ നുള്ളുവാനും,വെട്ടിപിടിക്കേണ്ടതിനെ വാനോളം വളര്‍ത്തുവാനും കരുത്ത് തന്നു….
ജീവിതത്തോട് സമരം ചെയ്ത് ജീവിക്കുന്ന ഒരു അമ്മയും മകനും…
‘ധീരതയെന്നത് അമ്മയത്രേ,അമ്മയെക്കാള്‍ ധീരയില്ലത്രേ…’

* Smitha Gopalakrishnan

അമ്മ അതൊരു വാക്കുകൊണ്ടോ ജന്മം കൊണ്ടോ വര്‍ണിക്കാന്‍ ആവാത്ത സ്‌നേഹക്കടലാണ് …അമ്മയോളം എന്നെ മറ്റാരും സ്‌നേഹിച്ചട്ടില്ല .!.അമ്മ….ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ പോരാളി ആയിരുന്നു ..കാന്‍സര്‍ എന്ന രോഗം ഒരു വില്ലനായി അമ്മയിലേക് വന്നപ്പോഴും അമ്മ തളരുന്നത് കണ്ടില്ല ….അപ്പോഴും അമ്മ നല്ലൊരു കുടുംബിനി ആയി …ഭാര്യയായി…സ്‌നേഹമുള്ള അമ്മയായി….അമ്മയോളം അച്ഛന്‍ മറ്റാരെയും സ്‌നേഹിച്ചട്ടില്ല ….രോഗത്തിന്റെ ആ വേദനയുടെ ദിനങ്ങളില്‍ അത്രയും അച്ഛന്റെ തോളില്‍ തല ചായ്ച്ചിരിക്കുന്ന അമ്മയെ ഇന്നും മറക്കാന്‍ ആവില്ല…. പെട്ടെന്നുള്ള അച്ഛന്റെ മരണം…തനിച്ചായിടത്ത് താങ്ങായത് അമ്മ മാത്രം ആയിരുന്നു….ആ ദിവസങ്ങള്‍ അത്രയും അമ്മ എന്നെ ചേര്‍ത്തുപിടിച്ചു……ഒന്നുറക്കെ കരയാന്‍ പോലും അമ്മ പേടിച്ചത് ഒരു പക്ഷെ എന്നെ ഓര്‍ത്തിട്ടാവും….പിന്നീട് ഉള്ള 9 മാസങ്ങള്‍…..അമ്മയുടേതും എന്റേതും മാത്രമായ ലോകം……പിണക്കങ്ങളും ഇണക്കങ്ങളും ……കാന്‍സര്‍ വാര്‍ഡിന്റെ മണവും കലര്‍ന്ന 9 മാസങ്ങള്‍….അമ്മ പഠിപ്പിക്കുക ആയിരുന്നു…..ജീവിതത്തില്‍ തളര്‍ന്നു പോവാതിരിക്കാന്‍…..സ്‌നേഹിച്ചു ചേര്‍ത്ത് നിര്‍ത്തുവായിരുന്നു…ഇന്ന് അമ്മ ഇല്ലാതെ 4 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു …..ഒരു ദിവസം പോലും അമ്മയെ miss ചെയ്യാതെ ഇരുന്നട്ടില്ല….. കോളേജില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയപ്പോള്‍ അമ്മ കൂടെ ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്…… വിശന്നിരിക്കുമ്പോള്‍ അമ്മ ഒന്ന് വാരി തന്നെങ്കില്‍ എന്ന് കൊതിക്കാറുണ്ട്…. എല്ലാവരും അമ്മയെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുത്ത് ഇടുമ്പോള്‍ അമ്മയുടെ മടിയില്‍ തലചായ്ക്കാന്‍ ആഗ്രഹിക്കാറുണ്ട്….. പിറന്നാളിനും ഓണത്തിനും ഒകെ അമ്മ വിളമ്പുന്ന സദ്യക്ക് കൊതിച്ചിട്ടുണ്ട്…..ചില കൊച്ചു ജയങ്ങളില്‍ അഭിനന്ദിക്കാന്‍ അമ്മ വേണം എന്ന് തോന്നാറുണ്ട്…..എല്ലാവരും അമ്മക്കൊപ്പം നടന്നുപോകുമ്പോള്‍ കൊതിച്ചിട്ടുണ്ട് ഒരിക്കല്‍ കൂടെ അമ്മ ചേര്‍ത്ത് പിടിച്ചെങ്കില്‍ എന്ന്… ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അമ്മയുടെ മകളായി തന്നെ ജനിക്കണം… ഒരുപിടി ചോറുരുളയുടെ സ്വാദിനിയും അറിയണം… അമ്മയുടെ കൈ കോര്‍ത്തു നടക്കണം… മടിയില്‍ തല ചായ്ച്ചു ഉറങ്ങണം…. Miss u ammmmaaaa…..:*

* Anu Sunny Karickamala

‘നമ്മള്‍ കരയുന്ന ദിവസം ‘അമ്മ ചിരിക്കുന്നുണ്ടെങ്കില്‍ അത് നമ്മള്‍ ജനിച്ച ദിവസമാണെന്നു’ എന്നാല്‍ പിന്നീട് ഒരിക്കലും നമ്മുടെ കണ്ണീര് കണ്ടു ചിരിക്കാത്ത ഒരു ജന്മവും അമ്മ തന്നെയാണ്.

കോളേജ് പഠനകാലത്തു ഹോസ്റ്റലില്‍ നിന്നാണ് ഞാന്‍ പഠിച്ചു കൊണ്ടിരുന്നത്. മിക്കപ്പോഴും നല്ല കറികളൊന്നും കഴിക്കാന്‍ ഉണ്ടാവാറില്ല. ഞങ്ങള്‍ കൂട്ടുകാരികള്‍ കൂടി മുട്ട വാങ്ങി കൊണ്ടുവന്നു അത് സ്റ്റീല്‍ പ്‌ളേറ്റില്‍ പൊട്ടിച്ചു ഒഴിച്ചിട്ടു, പ്‌ളേറ്റിന്റെ അടിയില്‍ മെഴുകുതിരി കത്തിച്ചു വെച്ചിട്ട് മണിക്കൂറുകള്‍ കൊണ്ട് പ്‌ളേറ്റ് ചൂടാക്കി മുട്ട പൊരിച്ചു ചോറു കഴിച്ച ദിവസങ്ങള്‍ വരെയുണ്ട്. അപ്പോഴൊക്കെ അമ്മ ഉണ്ടാക്കുന്ന കറികള്‍ ഓര്‍മ്മയില്‍ വരും. ‘അമ്മ ഉണ്ടായിരുന്നെങ്കില്‍ അമ്മയുടെ കൈകള്‍ കൊണ്ട് ഒരു ചമ്മന്തി മാത്രം ഉണ്ടാക്കി കഴിച്ചാല്‍ പോലും അതിന്റെ രുചി വേറൊന്നിനും കിട്ടില്ലായിരുന്നു..

അമ്മയെ ഒരുപാട് മിസ്സ്‌ചെയ്യുന്നത് ഇവിടെ പ്രവാസ ജീവിതം ആരംഭിച്ചപ്പോള്‍ ആണ്.. അമ്മയുടെ ലാളനയില്‍ കഴിഞ്ഞിട്ടു ഇവിടെ ഒറ്റയ്ക്കാകുമ്പോള്‍ ഉള്ള വേദന ഒരു പ്രവാസി ആയെങ്കില്‍ മാത്രമേ അറിയുകയുള്ളൂ..

ഒരിക്കല്‍ പനി കൂടുതലായി റൂമില്‍ കിടന്നപ്പോള്‍ അമ്മയെ ഒരുപാട് മിസ് ചെയ്തു. ആ സമയങ്ങളില്‍ ‘അമ്മ അടുത്തുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തിട്ടുണ്ട്.. വീട്ടില്‍ വെച്ചു പനി വന്നു കിടക്കുമ്പോള്‍ ‘അമ്മ അടുത്തുണ്ടാകും. ഉറക്കമിളച്ചിരുന്നു ശുശ്രൂഷിക്കും. ചൂട് കൂടുമ്പോള്‍ പഞ്ഞിയില്‍ വെള്ളം നനച്ചു നെറ്റിയില്‍ ഇടും. വെള്ളം വറ്റുമ്പോള്‍ വീണ്ടും നനച്ചിടും. പനിയുള്ള സമയത്തു ആഹാരം കഴിക്കാനോ തോന്നുകയില്ല. അപ്പോള്‍ അമ്മയുടെ കുഞ്ഞു വഴക്കിനും ശാഠ്യത്തിനും മുന്‍പില്‍ വഴങ്ങി കഴിക്കാന്‍ തയ്യാറാകും. ‘അമ്മ ചോറുമായി വന്നിട്ടു വാരി തരുന്നത് ഇപ്പോഴും മറക്കുവാന്‍ കഴിയില്ല. എന്നിട്ടും പനിയുടെ ആധിക്യത്താല്‍ മുഴുവനും കഴിക്കാന്‍ സാധിക്കില്ല.. ബാക്കി വരുന്നത് മുഴുവന്‍ അമ്മയും കഴിക്കില്ല ആ സമയം എന്നെക്കുറിച്ചുള്ള വേവലാതി ആണ്.. പനി ചൂടിന്റെ പല രാത്രികളിലും ഉറക്കത്തില്‍ നിന്നു ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന അമ്മയുടെ രൂപം എന്റെ മനസ്സില്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു.. ഇതൊക്കെ കഴിഞ്ഞു പാവം ഒന്നു കണ്ണടച്ചു വരുമ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കും. എന്തെങ്കിലും കാര്യത്തിനു വേണ്ടി ഞാന്‍ വിളിക്കും അപ്പോള്‍ മറുത്തൊന്നും പറയാതെ പെട്ടെന്ന് എഴുന്നേറ്റ് ഞാന്‍ പറയുന്നത് ചെയ്തു തരും. പനി മാറുന്നത് വരെ എന്നെക്കാള്‍ വലിയ ആധിയാണ് ആ മനസ്സില്‍.

ഇന്ന് ഈ പ്രവാസ ജീവിതത്തില്‍ കാലൊന്നു തട്ടി വേദനിക്കുമ്പോള്‍ ‘മോള്‍ക്ക് വല്ലതും പറ്റിയോ. സാരമില്ല പോട്ടെ’ എന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍ ‘അമ്മ അടുത്തു ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു പോകാറുണ്ട്….’ആയിരം മരുന്നിനു സമാനമാണ് അമ്മയുടെ തലോടല്‍’.
ഇവിടെയുള്ള ഏകാന്തതയില്‍ ‘അമ്മ അടുത്തില്ലല്ലോ എന്നുള്ള നഷ്ടബോധം പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത വേദനയാണ്..ലോകത്തില്‍ അമ്മയ്ക്ക് തുല്യം ‘അമ്മ മാത്രമേയുള്ളൂ..

* Jyothi Prabha

കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ ഓരോ പെണ്ണിനെയും പോലെ എനിയ്ക്കും എപ്പോളും എന്റെ അമ്മയെ മിസ്സ് ചെയ്യും.. കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ ജോലി സംബന്ധമായ ദുബായ് സ്ഥിര താമസമാക്കിയ ശേഷം ആണ് അമ്മ എന്നാല്‍ എന്തായിരുന്നു എന്ന് കൂടുതല്‍ മനസ്സിലാകുന്നത്..നാട്ടില്‍ആകുമ്പോള്‍വല്ലപ്പോഴും വീട്ടില്‍പോയി നില്‍ക്കാം.. ഇവിടെ വന്ന ശേഷം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍അറിയാത്ത അമ്മയെ കാണാനായി കൊതിയോടെ കാത്തിരുന്നിട്ടുണ്ട് ബന്ധുക്കളുടെ കനിവിന് ആയി.. അവരുടെ സമയവും സന്ദര്‍ഭവും നോക്കി ഫോണും പിടിച്ചു ഇരിക്കുമ്പോഴാണ് അമ്മയെ എറ്റവും മിസ്സ് ചെയ്യുന്നത്.. കാഴ്ചയില്‍നിന്ന് എന്നെ അമ്മയില്‍നിന്ന് മറച്ചു പിടിച്ചാലും ശബ്ദത്തിലൂടെ ഞാന്‍ അമ്മയെ മിസ്സ് ചെയ്യാന്‍ അനുവദിക്കില്ല… Miss you Amma.. ഒരുപാട് സ്‌നേഹത്തോടെ.. പകരം വെക്കാന്‍മറ്റൊരാള്‍ഇല്ലാത്ത ഈ സ്‌നേഹത്തിനു നന്ദി???.. (photo ഒരുപാട് ഉണ്ട്.. പക്ഷേ upload ചെയ്യാന്‍ പറ്റുന്നില്ല

* Franco Xavier

ആദ്യമൊക്കെ മരണത്തെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലായിരുന്നു …ആദ്യമായി ഹൃദയത്തിനടുത്ത ഒരാള്‍ മരണപ്പെട്ടത് അമ്മച്ചിയായിരുന്നു…ഞണ്ടുകളുടെ വേരുകള്‍ അമ്മച്ചിയിലേയ്ക്ക് ആഴ്ന്നിറങ്ങിയത് കൂടെ നിന്നാണ് കണ്ടത് ….മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയുടെ ഓeങ്കാളജി വാര്‍ഡുകളിലും ഓടിനടന്ന് തളര്‍ന്ന കൗമാരം ….സുന്ദരമായ ആ മുഖത്തെ എല്ലും തോലുമാക്കി വിരൂപയാക്കിയ വേദനിപ്പിക്കുന്ന കടുത്ത മരുന്നുകള്‍ …..ജോലി കഴിഞ്ഞു വരുന്ന വൈകുന്നേരങ്ങളില്‍ ആ കട്ടിലിനടുത്തിരുന്ന നിമിഷങ്ങള്‍…..കൂടെയുള്ള രോഗികള്‍ മരണപ്പെടുന്നതും കട്ടിലൊഴിയപ്പെടുന്നതും തൊട്ടടുത്ത് കിടന്ന് കാണുന്ന ദിവസങ്ങളില്‍ മിണ്ടാതെ കിടക്കുന്ന അമ്മച്ചി …..

അമ്മച്ചിയെ ധൈര്യപ്പെടുത്താന്‍ പറഞ്ഞ കള്ളങ്ങള്‍ ….കോമയില്‍ കിടന്ന നാളുകള്‍ ഇന്തോ അമേരിക്കന്‍ ഹോസ്പിറ്റലിലെ ഇരുണ്ട മുറിയില്‍ കണ്ട സ്‌കാനിംങ് ഫിലിമിലെ കറുത്ത പാടുകള്‍ ….ഒടുവില്‍ ഒരു പാതിരാത്രി നിത്യ ഉറക്കത്തിലേക്ക് പോയെന്ന് മനസ്സിലാക്കിയ നിമിഷങ്ങള്‍…..ചില രാത്രികളില്‍ സ്വപ്നമായി കൂടെ വരുന്ന സാന്നിദ്ധ്യം ….എല്ലാ ഓര്‍മ്മകള്‍ക്കും മീതെ ….ആത്മാക്കളുടെ ദിവസം സിമിത്തേരിയില്‍ ഉയരുന്ന ഈ പുകച്ചുരുളുകള്‍ക്ക് മുകളില്‍ എവിടെയെങ്കിലും ഉണ്ടാവുമോ ആ ശബ്ദം ….ഒരിക്കല്‍ കൂടി ഫ്രാങ്കോ എന്നു നീട്ടി വിളിക്കുന്നതു കേള്‍ക്കാനായ് …..എന്റെ നവി യെ ഒന്നു കാണിക്കുവാനായ് …..