ആസിഫ് അലി നായകന്‍, സംവിധാനം രാജീവ് രവി: പുതിയ ചിത്രം വരുന്നു

May 22, 2019

മലയാളികളുടെ പ്രിയതാരം ആസിഫ് അലി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തീയറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തില്‍ എസ്‌ഐയുടെ വേഷത്തിലെത്തിയ സിബി തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വിആര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറുമുഖം എന്ന ചിത്രത്തിനു ശേഷമായിരിക്കും ആസിഫ് അലി നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറുമുഖം’. കൊച്ചിയിലെ തുറുമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

നിരവധി താരനിരകളെ അണിനിരത്തിയാണ് ‘തുറുമുഖം’ ഒരുക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്‍, ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നീണ്ട ഒരിടവേളയ്ക്ക ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 1950 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Read more:കിടിലന്‍ ലുക്കില്‍ പ്രഭാസ്; ‘സഹോ’യുടെ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറുമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറുമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് തുറുമുഖം എന്ന സിനിമയൊരുങ്ങുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രക്തചൊരിച്ചിലികള്‍ക്കു പോലും കാരണമായിട്ടുണ്ട് ഈ സമ്പ്രദായം. തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്‍നോട്ടക്കാരന്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്. അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോപങ്ങള്‍ക്കും ‘ചാപ്പ’ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്.