കുട്ടികളുടെ ഭക്ഷണകാര്യത്തിൽ അല്പമൊന്ന് ശ്രദ്ധിക്കാം
‘എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല..’. പല മാതാപിതാക്കന്മാരുടെയും പരാധിയാണിത്. അതുകൊണ്ടുതന്നെ കുട്ടികൾ വാശിപിടിക്കുമ്പോൾ അവർക്ക് ഇഷ്ടപെട്ട ഭക്ഷണങ്ങൾ വാങ്ങിനൽകുന്ന മാതാപിതാക്കളാണ് കൂടുതലും. എന്നാൽ ഇത് പലപ്പോഴും ഗുണനിലവാരം കുറഞ്ഞ ഭക്ഷണങ്ങൾ ആകാനും സാധ്യതയുണ്ട്. കുട്ടികൾക്ക് ഭക്ഷണം അവർക്ക് ഇഷ്ടപെട്ട രീതിയിൽ നൽകുക എന്നതാണ് ഏറ്റവും പ്രധാനം. കുത്തിനിറച്ച് ഭക്ഷണം നൽകുന്നതിന് പകരം പോഷക ഗുണങ്ങൾ നിറഞ്ഞ ഭക്ഷണം നല്കാൻ പ്രത്യേക ശ്രദ്ധ വേണം.
കുട്ടികൾക്ക് രാവിലത്തെ ഭക്ഷണം നൽകുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.
പകൽ സമയങ്ങളിൽ ചെറിയ ഭക്ഷണമാണ് നല്ലത്. പഴ വർഗങ്ങൾ, പുഴുങ്ങിയ പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ബദാം, അവൽ നനച്ചത് എന്നിവ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ സ്കൂളുകളിലേക്ക് ഭക്ഷണം കൊടുത്തുവിടുമ്പോൾ ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ശ്രദ്ധിക്കണം. വ്യത്യസ്ത രീതിയിൽ ഇവ തയാറാക്കി നൽകുന്നത് കുട്ടികളിൽ ഭക്ഷണത്തോട് ഇഷ്ടം ഉണ്ടാകാൻ സഹായിക്കും.
Read also: സച്ചിൻ വാര്യർ വിവാഹിതനായി; ചിത്രങ്ങൾ കാണാം
കുട്ടികളുടെ ഭക്ഷണത്തില്‍ അന്നജം, പ്രോട്ടീന്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പാല് എന്നിവ നിര്‍ബന്ധമായും അടങ്ങിയിരിക്കണം. എന്നാൽ ഇവ നേരിട്ട് നൽകിയാണ് കുട്ടികൾ കഴിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഇവ വ്യത്യസ്തമായ രീതിയിൽ രസകരമായ രീതിയിൽ പാകം ചെയ്ത് വേണം കുട്ടികൾക്ക് നല്കാൻ.
രാത്രിയിൽ ഭക്ഷണം എട്ട് മണിക്ക് മുമ്പേ നല്‍കണം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളു. വെള്ളം നന്നായി കുടിക്കേണ്ടതും കുട്ടികളുടെ വളർച്ചയിൽ അനിവാര്യമാണ്.