ശ്രദ്ധേയമായി ‘ചില്‍ഡ്രന്‍സ് പാര്‍ക്കി’ലെ പുതിയ ഗാനം

June 1, 2019

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന സിനിമയിലെ പുതിയ ഗാനം. കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’. ചിത്രത്തിലെ ‘കണ്ണാന്തുമ്പി…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഷാഫിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് റാഫി ആണ്. പുതുമുഖങ്ങളായ നൂറില്‍ അധികം കുട്ടികള്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. അതേസമയം വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഗായത്രി സുരേഷ്, ദ്രുവന്‍, ഷറഫുദീന്‍, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍, ഹരീഷ് കണാരന്‍, ജോയ് മാത്യു, ശ്രീജിത്ത് രവി തുടങ്ങിയ താരങ്ങളും ചില്‍ഡ്ന്‍സ് പാര്‍ക്കില്‍ അണിനിരക്കുന്നുണ്ട്. ഹാസ്യവും ആകാംഷയും സസ്‌പെന്‍സുമെല്ലാം ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ പുറത്തിറങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. നേരത്തെ ചിത്രത്തിന്റെതായി മനോഹരമായൊരു താരാട്ടുപാട്ടും പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും മികച്ച സ്വീകാര്യത നേടി.

Read more:സ്‌ക്രീനില്‍ വീണ്ടും ജഗതി; ആ പരസ്യചിത്രം ഇതാ: വീഡിയോ

ബി കെ ഹരിനാരായണന്റേതാണ് ഈ മനോഹര ഗാനത്തിലെ വരികള്‍. അരുണ്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ് ശേുദാസ്, മൃദുല വാര്യര്‍, റിമി ടോമി, മാസ്റ്റര്‍ സഹീര്‍ ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. കൊച്ചി, മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

അതേസമയം ‘മായാവി’, ‘ടു കണ്‍ട്രീസ്’ തുടങ്ങിയ ഹിറ്റ് കോമഡി ചിത്രങ്ങള്‍ക്ക് ശേഷം ഷാഫി റാഫി കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രം എന്ന പ്രത്യേകതയും ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിനുണ്ട്. ഷാഫിയുടെ പതിവ് ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹാസ്യരസക്കൂട്ട് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിലും ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. പുതുമുഖ താരം ബിബിന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഒരു പഴയ ബോംബ് കഥ’യാണ് ഷാഫി സംവിധാനം നിര്‍വ്വഹിച്ച അവസാന ചിത്രം.