സ്‌ക്രീനില്‍ വീണ്ടും ജഗതി; ആ പരസ്യചിത്രം ഇതാ: വീഡിയോ

May 31, 2019

മലയാള ചലച്ചിത്രലോകത്ത് പകരക്കാരനില്ലാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. അപകടത്തെ തുടര്‍ന്ന വിശ്രമത്തിലായിരുന്ന താരം അഭിനയ രംഗത്തേക്കു മടങ്ങിയെത്തുന്നു എന്ന വാര്‍ത്തയും നിറഞ്ഞ മനസോടെയാണ് ചലച്ചിത്ര ലകം ഏറ്റെടുത്തത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു പരസ്യ ചിത്രത്തിലൂടെയായിരുന്നു ജഗതി ശ്രീകുമാറിന്റെ മടങ്ങിവരവ്. ഇപ്പോഴിതാ ആ പരസ്യചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നതും.

2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. മികച്ച കഥാപാത്രങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത താരമാണ് ജഗതി ശ്രീകുമാര്‍. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട് പരസ്യചിത്രത്തിലൂടെയുള്ള താരത്തിന്റെ മടങ്ങി വരവ്.

Read more:പരിഭവം മറന്ന് പുഞ്ചിരിയുമായി സിതാര; മനോഹരം ഈ ഗാനം

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാര്‍. നര്‍മ്മവും സങ്കടവുമെല്ലാം നന്നായി വഴങ്ങും അദ്ദേഹത്തിന്. അത്രമേല്‍ തീവ്രമാണ് ജഗതീ ശ്രീകുമാറിന്റെ അഭിനയമൊക്കെയും. എന്നാല്‍ ഒരു അപകടം കവര്‍ന്നെടുത്ത അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് ഇത് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളുകളാണ്. ഹാസ്യസാമ്രാട്ട് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന വാര്‍ത്ത ചലച്ചിത്ര ലോകവും ആരാധകരും ഇരുകൈയും നീട്ടി സ്വീകരിച്ചു. വെള്ളിത്തിരയില്‍ അദ്ദേഹത്തെ വീണ്ടും വീണ്ടും കാണാന്‍ അത്രയധികം ആഗ്രഹിക്കുന്നുണ്ട് ഓരോ പ്രേക്ഷകനും.

അതേസമയം പരസ്യചിത്രത്തിനു പുറമെ രണ്ട് പുതിയ സിനിമകളുടെ കൂടെ ഭാഗമായിരിക്കുകയാണ് ജഗതി ശ്രീകുമാര്‍. പുതിയ ഒരു സിനിമയുടെ കൂടെ ഭാഗമാവുകയാണ് ജഗതി ശ്രീകുമാര്‍. ‘ബി നിലവറയും ഷാര്‍ജ പള്ളിയും’ എന്നാണ് ഒരു ചിത്രത്തിന്റെ പേര്. നവാഗതനായ സൂരജ് സുകുമാര്‍ നായരുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. അതേസമയം ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നുണ്ട്.