വേദനകൾ മറികടന്ന് അരുൺ എത്തി, തന്റെ ഇഷ്ടതാരത്തെ കാണാൻ

June 15, 2019

വേദനകൾ തളർത്തിയപ്പോഴും അരുൺ മനസ്സിൽ ഉറപ്പിച്ചു…തന്റെ ഇഷ്ടതാരത്തെ ഒരു നോക്കെങ്കിലും കാണണം, താൻ ഒരുക്കി വെച്ച സമ്മാനം നൽകണം. കക്കോടി മൊരിക്കര സ്വദേശിയാണ് ഭിന്നശേഷിക്കാരനായ അരുൺ. നാല്‍പ്പത് ശതമാനം ഭിന്നശേഷിക്കാരനായ അരുണിന് ഹൈപ്പർ മൊബിലിറ്റി സിൻഡ്രാം എന്ന രോഗമാണ്. ശരീരം മുഴുവൻ വേദന കാരണം സ്വന്തം നഖം വെട്ടാൻ പോലും അരുണിന് കഴിയാറില്ല.

പക്ഷെ ഈ വേദനകൾക്കിടയിടും ചിത്രങ്ങൾ വരയ്ക്കാനും ശില്പങ്ങൾ ഉണ്ടാക്കാനും അരുൺ സമയം കണ്ടെത്താറുണ്ട്. സിനിമ കാണുവാനും ഏറെ ഇഷ്ടമുള്ള അരുണിന് പക്ഷെ വേദനകാരണം സിനിമയ്ക്ക് പോകാനോ, കാണാനോ സാധിക്കാറില്ല. എങ്കിലും ടോവിനോ തോമസിന്റെ കടുത്ത ആരാധകൻ കൂടിയായ അരുണിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ടൊവിനോയെ കാണുക എന്നതും താൻ നിർമ്മിച്ച ടൊവിനോയുടെ ശിൽപം സമ്മാനിക്കുക എന്നതും. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് അരുണിന് തന്റെ പ്രിയപ്പെട്ട സിനിമ താരത്തെ കാണാനുള്ള സൗകര്യം ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് അരുൺ.

Read also: ‘ഒരു യമണ്ടൻ പ്രേമകഥ’യ്ക്ക് ശേഷം ‘മയ്യഴി സ്റ്റോറീസു’മായി ബി സി നൗഫൽ

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലൂസിഫറിലെയും ഉയരെ എന്ന ചിത്രത്തിലെയും വൈറസിലെയും ടോവിനോയുടെ കഥാപാത്രങ്ങൾക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു, അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ. സാമൂഹ്യ വിഷയങ്ങളിലും ഏറെ താത്പര്യം കാണിക്കുന്ന നടനാണ് ടോവിനോ. സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുന്ന ആൻഡ് ദി ഓസ്‌കാർ, ലൂക്ക, കൽക്കി തുടങ്ങിയ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങൾ.