ക്യാൻസർ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

July 2, 2019

ചെറിയ കുട്ടികളെ മുതൽ  മുതിർന്ന ആളുകളെ വരെ കാർന്നു തിന്നുന്ന രോഗമാണ് ക്യാൻസർ. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഈ അസുഖം തിരിച്ചറിയാൻ വൈകിയാൽ ഇത് ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയും കാർന്നുതിന്നും. ചിലപ്പോൾ ഇത് തലച്ചോറിലേക്കും അസ്ഥിയിലേക്കും വരെ ബാധിച്ചേക്കാം. ശരീരത്തിൽ സാധാരണയായി കാണപ്പെടാറുള്ള കോശങ്ങൾ മിക്കപ്പോഴും പരസ്പരം ചേർന്നാണ് കാണപ്പെടുന്നത്. എന്നാൽ ക്യാൻസർ ബാധിച്ച കോശങ്ങൾ മറ്റു കോശങ്ങളെപോലെ ഒട്ടിച്ചേർന്ന് നിൽക്കാറില്ല. ഇവ ലൂസായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവ എളുപ്പത്തിൽ മറ്റ് ഭാഗങ്ങളിക്ക് പടരാൻ സാധ്യത കൂടുതലാണ്.

ക്യാൻസറുകളിൽ ഏറ്റവും മാരകമായ ഒന്നാണ് ലുക്കീമിയ അഥവാ ബ്ലഡ് ക്യാൻസർ. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നതാണ് കാരണം. അതുകൊണ്ടുതന്നെ ക്ഷീണം തളർച്ച എന്നിവ ഈ അസുഖമുള്ളവരിൽ കാണപ്പെടും. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും. ഇത്തരത്തിൽ ചുവന്ന പാടുകൾ കാണപെടുന്നവർ ഡോക്‌ടറെ കാണണം.

Read also: നല്ല ഉറക്കത്തിന് ശീലമാക്കേണ്ട കാര്യങ്ങൾ

ലുക്കീമിയയുടെ ലക്ഷണമായി കാണപ്പെടുന്ന ഒന്നാണ് നെഞ്ചുവേദന. ഒപ്പം കാൽപാദങ്ങളിലെ നീർക്കെട്ടും ഈ രോഗത്തിന്റെ ലക്ഷണമായി കാണപ്പെടാറുണ്ട്. വായ്, മൂക്ക്, മലം, മൂത്രം എന്നിവയിലൂടെ രക്തം വരുന്നതും ഈ രോഗത്തിന്റെ ലക്ഷണമായി കാണപ്പെടാറുണ്ട്.

രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ വൈദ്യ സഹായം തേടണം. അസുഖം മൂർച്ഛിച്ചാൽ അത് സുഖമാക്കാൻ സാധിച്ചെന്ന് വരില്ല, അതിനാൽ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഉത്തമം.